കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീപോൾ ആവശ്യപ്പെടില്ല : രാജ്‌മോഹൻ ഉണ്ണിത്താൻ

കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീപോൾ ആവശ്യപ്പെടില്ലെന്ന് കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ. കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീപോളിംഗ് വേണമെന്ന് താൻ എവിടെയും ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയും ഇല്ല.കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് റീപോളിംഗ് ആവശ്യം ഉന്നയിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടാൽ ശിരസാവഹിക്കാൻ താൻ ബാധ്യസ്ഥനാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
നിയമനടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. ജീവിതത്തിലൊരിക്കലും വാദിയായും പ്രതിയായും സുപ്രീം കോടതിയിൽ പോകരുതെന്ന് കെ.കരുണാകരൻ ഉപദേശിച്ചിട്ടുണ്ട്.കിടപ്പാടം വിൽക്കേണ്ടി വരും. കിടപ്പാടം വിറ്റ് കള്ളവോട്ട് തെളിയിക്കേണ്ട ബാധ്യതയൊന്നും തനിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇന്നലെയാണ് കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിടുന്നത്. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.. 774ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here