ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്. വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളെ ഉള്‍പ്പെടെ വിലക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
35 കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്ത്
നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്കേസ് എടുത്തിരിക്കുന്നത്. 2018 ഒക്ടോബര്‍ 10 , 11 തിയതികളില്‍ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയിലെ ആരോപണം. പരാതിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഇന്ദു മല്‍ഹോത്ര ഉള്‍പ്പെട്ട പ്രത്യേക ആഭ്യന്തര പരിഹാര സമിതി
രൂപീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here