ലോകകപ്പിൽ ഇന്ത്യയെക്കാൾ തങ്ങൾക്ക് മേൽക്കൈ ഉണ്ടെന്ന് പാക് നായകൻ സർഫറാസ് അഹ്മദ്

വരുന്ന ലോകകപ്പിൽ ഇന്ത്യയെക്കാൾ മേൽക്കൈ തങ്ങൾക്കുണ്ടെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ്. ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സർഫറാസിൻ്റെ അവകാശവാദം. ലോകകപ്പിലെ ‘അണ്ടർഡോഗുകൾ’ എന്ന വിശേഷണമുള്ള തങ്ങൾക്ക് സമ്മർദ്ദമില്ലാതെ കളിക്കാനാവുമെന്ന് അവകാശപ്പെട്ട സർഫറാസ് ലോകകപ്പ് വിജയിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും കൂട്ടിച്ചേർത്തു.
“നോക്കൂ, ഞങ്ങൾ ഫേവരിറ്റുകളായിട്ട് ലോകകപ്പിൽ പോയാൽ അതൊരു പ്രശ്നമാണ്. പക്ഷേ, നമ്മൾ അണ്ടർ ഡോഗുകളായി പോവുകയാണെങ്കിൽ മറ്റുള്ള ടീമുകൾ അതിൽ അപകടം കണ്ടെത്തും. അതുകൊണ്ട് അണ്ടർഡോഗുകൾ ആവുക എന്നത് നല്ലതാണ്. അത് സമ്മർദ്ദം കുറയ്ക്കും”- സർഫറാസ് പറഞ്ഞു.
തങ്ങൾ ഈയിടെ ഒരു വലിയ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതു കൊണ്ട് തന്നെ ആ ആനുകൂല്യം തങ്ങൾക്കുണ്ടെന്നും സർഫറാസ് പറഞ്ഞു. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപിച്ചത് മുന്നിൽ വെച്ചു കൊണ്ടായിരുന്നു സർഫറാസിൻ്റെ അവകാശവാദം. എന്നാൽ ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ തോൽപിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.
ജൂൺ 16നാണ് ഇന്ത്യ-പാക്കിസ്ഥാൻ മാച്ച്. അടുത്ത മാസം മുപ്പതിന് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here