തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

കള്ളവോട്ട് കണ്ടുപിടിച്ചതിന്റെ അരിശമാണ് സിപിഎം ഇപ്പോൾ ഭീഷണിയിലൂടെ പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇഷ്ടമില്ലാത്ത വിധി വരുമ്പോൾ കോടതികളെ ആക്രമിക്കുകയും ജഡ്ജിയെ നാടുകടത്തുകയും ചെയ്യുന്ന പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സിപിഎം ഇപ്പോൾ ആക്രമിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെയും യുഡിഎഫിനെയും സിപിഎം ആക്ഷേപിക്കുന്നത് കള്ളവോട്ട് പിടികൂടിയതിന്റെ ജാള്യത മറയ്ക്കാനാണ്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിക്കാൻ നോക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. നിയമങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് കോടിയേരി സംസാരിക്കുന്നത്. ഓപ്പൺ വോട്ട് എന്നൊരു സംവിധാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുമ്പോൾ അങ്ങനെയൊന്നുണ്ടെന്ന് പറയുന്ന കോടിയേരി തന്റെ അറിവില്ലായ്മ വെളിപ്പെടുത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്. സിപിഎം നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും അതീതരല്ലെന്ന് കോടിയേരി ഓർക്കണം . തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തി നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here