ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ; ജൂലൈ മാസത്തോടെ നേതൃമാറ്റത്തിന് സാധ്യത

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയും ഭാരവാഹി യോഗവും ഇന്ന് കൊച്ചിയിൽ നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് വിലയിരുത്തൽ തന്നെയാകും മുഖ്യ ചർച്ചാ വിഷയം. പ്രചാരണ രംഗത്തുൾപ്പെടെയുണ്ടായ പ്രവർത്തനങ്ങളുടെ അവലോകനമാണ് യോഗത്തിന്റെ അജണ്ട. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി വിജയിക്കുമെന്ന് കോർ കമ്മിറ്റി യോഗത്തിനെത്തിയ ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു. ന്യൂനപക്ഷ ഏകീകരണമുണ്ടായാലും അതിനെ മറികടക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് വിവരം. ജൂലൈ മാസത്തോടെ നേതൃമാറ്റം ഉണ്ടാകാനാണ് സാധ്യത. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാകും ബിജെപി സംസ്ഥാന നേതൃനിരയിൽ ഉണ്ടാകുക. തെരഞ്ഞെടുപ്പിന് പിന്നാലെ സ്വാഭാവിക പുനഃസംഘടന നടക്കാറുണ്ടെങ്കിലും കേരളത്തിൽ അടിമുടി മാറ്റത്തിനാണ് സാധ്യത. നിലവിലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും സംഘടനാ സെക്രട്ടറിയും മാറുമെന്നാണ് വിവരം. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പാളിച്ചയും ആർഎസ്എസിന്റെ അതൃപ്തിയുമാണ് നിലവിലെ അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്ക്ക് പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളത്. കാര്യക്ഷമതയില്ലായ്മയാണ് സംഘടനാ സെക്രട്ടറി എം.ഗണേശനുള്ള പോരായ്മയായി കണ്ടെത്തിയത്.
എം.ഗണേശന് പകരം സംഘപരിവാർ സംഘടനയായ വിജ്ഞാൻ ഭാരതിയുടെ മുൻ ജനറൽ സെക്രട്ടറി എ.ജയകുമാറിനെ നിയമിക്കാനാണ് ആർഎസ്എസ് നീക്കം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ജയകുമാർ ആയിരുന്നു.അതേസമയം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂടുതൽ നേതാക്കളെ ആർഎസ്എസിൽ നിന്നും ബിജെപി നേതൃനിരയിലേക്ക് എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. മേഖലാ തലം മുതൽ ഇവരെ ചുമതലകളിൽ കൊണ്ടുവരും. കൂടുതൽ യുവ പ്രാതിനിധ്യം ഇക്കുറി പുനഃസംഘടനയിൽ ഉറപ്പാക്കുമെന്നാണ് സൂചന. നിലവിൽ സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി സത്യകുമാർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൂർണമായും ആർഎസ്എസും ബിജെപി ദേശീയ നേതൃത്വവുമാകും കേരളത്തിലെ പാർട്ടി പുനഃസംഘടനയ്ക്ക് ചുക്കാൻ പിടിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here