മോദിക്കെതിരെ മത്സരിക്കുന്ന തേജ് ബഹാദൂർ യാദവിന്റെ പത്രിക തള്ളി; എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയിൽ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാർത്ഥിയാക്കിയ മുൻ ജവാൻ തേജ് ബഹാദൂർ യാദവിന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട വിഷയം പത്രികയിൽ മറച്ചു വച്ചതിനാണ് നടപടി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹദൂർ യാദവ് പ്രതികരിച്ചു.നേരത്തെ സൈനികർക്ക് മോശം ഭക്ഷണം വിതരണം ചെയ്തതായി സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെട്ട തേജ് ബഹാദൂർ യാദവിനെ പിന്നീട് സൈന്യത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന തേജ് ബഹാദൂർ യാദവിനെ എസ്പി-ബിഎസ്പി സഖ്യം കഴിഞ്ഞ ദിവസമാണ് സ്വന്തം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ട കാര്യം നാമനിർദേശ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നും, സൈന്യത്തിൽ നിന്നും ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തേജ് ബഹാദൂറിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ ബഹദൂർ യാദവിനായില്ലെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്.

Read Also; പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന മുൻ ജവാന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കുറ്റക്കാരെന്ന് കണ്ടെത്തി സർക്കാർ ജോലികളിൽ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കേവലം ഒരു ദിവസത്തിൽ താഴെ മാത്രമാണ് തനിക്ക് വിശദീകരണം നൽകാൻ സമയം ലഭിച്ചതെന്നും പത്രിക തള്ളിയ കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തേജ് ബഹാദൂർ യാദവ് പറഞ്ഞു. അതേ സമയം സൈന്യത്തിൻറെ പേരിൽ വോട്ട് സമാഹരിക്കുന്ന ബിജെപി ക്കെതിരെ മുൻ ജവാനെ മുൻ നിർത്തി വോട്ട് നേടാമെന്ന മഹാസഖ്യത്തിന്റെ പ്രതീക്ഷകളാണ് ഇതോടെ ഇല്ലാതായത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർത്ഥി ശാലിനി യാദവിനെ പിൻവലിച്ചാണ് ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാസഖ്യം ബഹദൂർ യാദവിനെ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More