റോയൽ ചലഞ്ചേഴ്സിനു പിന്നാലെ കരീബിയൻ ലീഗിലെ ടീമും മല്യക്ക് നഷ്ടമാകുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നഷ്ടമായതിനു പിന്നാലെ കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് ട്രൈഡൻ്റിനെയും വ്യവസായി വിജയ് മല്യക്ക് നഷ്ടമാകുന്നു. 2019ലെ സിപിഎൽ സീസണു മുൻപ് ടീമിന് പുതിയ ഉടമസ്ഥർ ആയേക്കുമെന്നാണ് റിപ്പോർട്ട്. ടീം സിഇഒ ഡാമിയൻ ഓ’ഡൊനോഹോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടീം വാങ്ങാൻ തയ്യാറായ ചിലരുമായി ചർച്ച നടക്കുകയാണെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ മല്യ ഇംഗ്ലണ്ടിലേക്ക് നാടു വിട്ടെങ്കിലും ഇന്ത്യയിലേക്ക് ആളെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ മല്യയുടെ സാമ്രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് മല്യക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തങ്ങളെ ബാധിക്കാൻ തുടങ്ങിയതോടെയാണ് ട്രൈഡൻ്റ്സ് മാനേജ്മെൻ്റ് ടീം വാങ്ങാൻ മറ്റ് ആളുകളെ തേടാൻ തുടങ്ങിയത്. 2018 സെപ്തംബറിൽ അവസാനിച്ച സീസണിലെ മുഴുവൻ ശമ്പളവും കളിക്കാർക്ക് ഇതു വരെ കൊടുത്ത് തീർന്നിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ ടീമിന് പുതിയ ഉടമകൾ ആകുമെന്നാണ് വിവരം.

നേരത്തെ ട്രൈഡൻ്റിൻ്റെ മാർക്വി പ്ലയർ സ്റ്റീവൻ സ്മിത്ത് കളിക്കാർക്ക് ശമ്പളം നൽകാത്തതിനെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ എല്ലാവരുടെയും ശമ്പളം എത്രയും പെട്ടെന്ന് നൽകുമെന്ന് ടീം അറിയിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More