യതിയുടേതല്ല; അതൊരു കരടിയുടെ കാല്പാട്: ഇന്ത്യൻ സൈന്യത്തിന് നേപ്പാളിന്റെ മറുപടി

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ മിത്ത് കഥാപാത്രം യതിയുടെ കാല്പാടുകൾ കണ്ടു എന്ന ഇന്ത്യൻ സൈന്യത്തിൻ്റെ അവകാശവാദം തള്ളി നേപ്പാൾ. അത് യതിയുടെ കാല്പാടല്ലെന്നും കരടിയുടെ കാല്പാടുകളാണെന്നുമാണ് നേപ്പാൾ അറിയിച്ചത്.

ഇന്ത്യൻ സൈന്യത്തിന്റെ പർവതാരോഹക സംഘമാണ് ഈ കാൽപ്പാട് കണ്ടതെന്നായിരുന്നു നേരത്തെ സൈന്യത്തിൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയുള്ള അവകാശവാദം. എന്നാൽ ഈ പർവതാരോഹക സംഘത്തെ പിന്തുടർന്ന ചുമട്ട് തൊഴിലാളികളും സഥലവാസികളും ഈ അവകാശവാദത്തെ നിരാകരിച്ച് മുന്നോട്ടു വന്നിരുന്നു. ആ പ്രദേശത്ത് അത്തരം കാല്പാടുകൽ മിക്കപ്പോഴും കാണുന്നതാണെന്നും അത് കരടിയുടേതാണെന്നും അവർ വിശദീകരിച്ചു.

“ഇന്ത്യൻ സൈന്യത്തിൽ പെട്ട ഒരു സംഘം കുറച്ച് കാല്പാടുകൾ കാണുകയുണ്ടായി. ഞങ്ങളുടെ ഉദ്യോഗസ്ഥരും അവർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് അതിൻ്റെ സത്യമറിയാനുള്ള ശ്രമമായി. പ്രദേശത്ത് അത്തരം കാല്പാടുകൽ മിക്കപ്പോഴും കാണുന്നതാണെന്നും അത് കരടിയുടേതാണെന്നും ചുമട്ട് തൊഴിലാളികളും സഥലവാസികളും അറിയിച്ചു.”- നേപ്പാൾ സൈന്യത്തിൻ്റെ വക്താവ് ബ്രിഗേഡിയർ ജനറൽ ബിഗ്യാൻ ദേവ് പാണ്ഡെ പറഞ്ഞു.

നേരത്തെ, നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം മിത്തുകളിലുള്ള ഹിമ മനുഷ്യൻ യതിയുടെ കാല്പാടുകൾ കണ്ടെത്തിയെന്ന് ഏപ്രിൽ ഒൻപതിനായിരുന്നു ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തത്. മഞ്ഞിൽ പതിഞ്ഞ കാല്പാടുകൾക്കൊപ്പമായിരുന്നു ട്വീറ്റ്. ആർക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലു–ബാരുൺ നാഷനൽ പാർക്കിനു സമീപം മാത്രമാണ് മുൻപ് കണ്ടിട്ടുള്ളതെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top