’37 പന്തിൽ സെഞ്ചുറി നേടുമ്പോൾ താൻ 16കാരൻ ആയിരുന്നില്ല’; വർഷങ്ങൾ നീണ്ട ആ കളവ് പൊളിച്ച് അഫ്രീദി

തൻ്റെ അന്താരാഷ്ട്ര മത്സരത്തിലെ അരങ്ങേറ്റ മത്സരത്തിൽ 37 പന്തുകളിൽ സെഞ്ചുറി നേടുമ്പോൾ തനിക്ക് 16 വയസ്സായിരുന്നില്ലെന്ന് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. തൻ്റെ ആത്മകഥയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയുമായി അഫ്രീദി രംഗത്ത് വന്നത്.
ആത്മകഥയായ ‘ഗെയിം ചേഞ്ചറി’ൽ താൻ ജനിച്ചത് 1975ലാണെന്നാണ് അഫ്രീദി വെളിപ്പെടുത്തിയത്. അഫ്രീദി ജനിച്ചത് 1980ലാണെന്നാണ് ഔദ്യോഗിക റെക്കോർഡുകൾ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തു വിട്ട അഫ്രീദിയുടെ വ്യക്തി വിവരങ്ങളിൽ ജനന വർഷം 1980 എന്ന് രേഖപ്പെടുത്തിയിരുന്നത് മറ്റുള്ളവരും തുടരുകയായിരുന്നു. ഇത് വ്യാജമാണെന്ന് വെളിപ്പെടുത്തി അഫ്രീദി തന്നെ രംഗത്ത് വന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെത്തന്നെ കുഴപ്പിച്ചിരിക്കുകയാണ്.
“എനിക്കന്ന് 19 വയസ്സായിരുന്നു. അവർ (പിസിബി) അവകാശപ്പെട്ടതു പോലെ 16 ആയിരുന്നില്ല. ഞാൻ ജനിച്ചത് 1975ലായിരുന്നു. അതെ, അധികാരികൾ എൻ്റെ ജനന വർഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.”- അഫ്രീദി തൻ്റെ ആത്മകഥയിലൂടെ പറയുന്നു.
ജനിച്ചത് 1975ലായതു കൊണ്ട് തന്നെ അണ്ടർ-19 ടീമിൽ കളിക്കുമ്പോൾ അഫ്രീദിക്ക് 19 വയസ്സിനു മുകളിലുണ്ടായിരുന്നു എന്നതും പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കും.
1996ൽ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലായിരുന്നു അഫ്രീദിയുടെ 37 ബോൾ സെഞ്ചുറി. മൂന്നാം നമ്പറിലിറങ്ങിയ അഫ്രീദിയുടെ വേഗമേറിയ സെഞ്ചുറി 18 വർഷത്തോളം റെക്കോർഡായി നില നിന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here