വളാഞ്ചേരിയിൽ 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മന്ത്രി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം

വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീൻ നടക്കാവിൽ മന്ത്രി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം. കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കിൽ പൊലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നും കുടുംബത്തിന്റെ മൊഴി. പ്രതിയായ ഷംസുദ്ദീൻ വളാഞ്ചേരി നഗരസഭാ ഇടത് കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമാണ്.
ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കൾ എന്നതിലുപരി കെ ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീൻ എന്നും കുട്ടിയുടെ സഹോദരി പറയുന്നു. പെൺകുട്ടിയെ കാണാതായ ദിവസം മന്ത്രിയുടെ സഹായം അഭ്യർത്ഥിച്ച് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടി ഉണ്ടായില്ല. ഒരു ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായി. മന്ത്രി ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയെ എത്രയും വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നുവെന്നും സഹോദരി പറയുന്നു.
വളാഞ്ചേരിയിലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഷംസുദ്ദീന്റെയും ജലീലിന്റേയും ബന്ധം സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിന് കൃത്യമായ തെളിവും അവർ മുന്നോട്ടുവെയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഷംസുദ്ദീൻ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഷംസുദ്ദീൻ മലേഷ്യയിലേക്കോ തായ്‌ലൻഡിലേക്കോ കടന്നതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ പരാതി നൽകുമെന്ന് മാതാപിതാക്കൾ അറിയിച്ചതോടെയാണ് പ്രതി വിദേശത്തേക്ക് കടന്നത്. 16 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിൽ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഷംസുദ്ദീൻ നടക്കാവിലിനോട് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here