Advertisement

റായുഡുവും ധോണിയും രക്ഷകരായി ; മുംബൈക്ക് 132 റൺസ് വിജയലക്ഷ്യം

May 7, 2019
Google News 0 minutes Read

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 132 റൺസ് വിജയലക്ഷ്യം. അമ്പാട്ടി റായുഡുവിൻ്റെയും എംഎസ് ധോണിയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. മുംബൈ സ്പിന്നർമാരെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു.

തുടക്കം മുതൽക്കു തന്നെ സ്പിന്നർമാരെ അകമഴിഞ്ഞ് തുണച്ച പിച്ചിൽ മുംബൈയുടെ മൂന്ന് സ്പിന്നർമാർ അക്ഷരാർത്ഥത്തിൽ ചെന്നൈ ബാറ്റ്സ്മാന്മാരെ ക്രീസിൽ തന്നെ കെട്ടിയിട്ടു. മൂന്നാം ഓവറിൽ ഫാഫ് ഡുപ്ലെസിനെ 6 റൺസിനു പുറത്താക്കി രാഹുൽ ചഹാറാണ് മുംബൈക്കു വേണ്ടി വിക്കറ്റ് വേട്ട തുടങ്ങിയത്. നാലാം ഓവറിൽ സുരേഷ് റെയ്നയെ ജയന്ത് യാദവും പവർ പ്ലേയുടെ അവസാന പന്തിൽ ഷെയിൻ വാട്സണെ കൃണാൽ പാണ്ഡ്യയും പുറത്താക്കി. യാഥാക്രമം 5, 10 എന്നിങ്ങനെയായിരുന്നു അവരുടെ സ്കോർ. ആദ്യ പവർ പ്ലേയിൽ ചെന്നൈയുടെ സ്കോർ 3 വിക്കറ്റിന് 32 റൺസ്.

തുടർന്ന് ക്രീസിലെത്തിയ അമ്പാട്ടി റായുഡുവും മുരളി വിജയും ബുദ്ധിപരമായി ഇന്നിംഗ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 33 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 13ആം ഓവറിൽ മുരളി വിജയ് രാഹുൽ ചഹാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 26 പന്തുകളിൽ അത്ര തന്നെ റൺസായിരുന്നു മുരളി വിജയുടെ സമ്പാദ്യം.

തുടർന്നായിരുന്നു ചെന്നൈയെ കൈപിടിച്ചുയർത്തിയ കൂട്ടുകെട്ട്. 13ആം ഓവറിൽ ക്രീസിലൊത്തു ചേർന്ന ക്യാപ്റ്റൻ എംഎസ് ധോണിയും അമ്പാട്ടി റായുഡുവും ചേർന്ന് മികച്ച രീതിയിൽ ചെന്നൈ ഇന്നിംഗ്സ് കൊണ്ടു പോയി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും സ്പിന്നർമാർക്ക് അർഹിച്ച പരിഗണന നൽകി ബുദ്ധിപരമായി ഇന്നിംഗ്സ് നയിച്ചു. 19 ആം ഓവറിൽ കൂറ്റനടികളിലൂടെ മലിംഗയെ ധോണി ബൗളിംഗ് പിച്ചിൽ ചെന്നൈയെ സുരക്ഷിതമായ സ്കോറിലെത്തിക്കുകയായിരുന്നു. ഇന്നിംസിലെ അവസാന ഓവറിലെ ആദ്യ പന്തിൽ ബുംറ ധോണിയെ പുറത്താക്കിയെങ്കിലും അത് നോ ബോളായി. എങ്കിലും ആ ഓവറിൽ 9 റൺസ് മാത്രമാണ് ചെന്നൈക്ക് കണ്ടെത്താനായത്.

അഞ്ചാം വിക്കറ്റിൽ 66 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. റായുഡു 37 പന്തുകളിൽ 42 റൺസെടുത്തും ധോണി 29 പന്തുകളിൽ 37 റൺസെടുത്തും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here