എഡിഎം പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ കാക്കനാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

എഡിഎം പദവി ദുരുപയോഗം ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി. കാക്കനാട് ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാറിനെതിരെയാണ് പദവി ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. എറണാകുളം എഡിഎം കെ ചന്ദ്രശേഖരന്‍ നായരാണ് ശ്യാംകുമാറിനെതിരെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വണ്ടര്‍ലാ അമ്യൂസ് മെന്റ് പാര്‍ക്ക് അധികൃതരെ തെറ്റിദ്ധരിപ്പിച്ചതായാണ് പരാതി.
കഴിഞ്ഞ ദിവസമാണ് എറണാകുളം എഡിഎന്റെ ബന്ധുക്കളെന്ന് പറഞ്ഞ് അഞ്ച് പേരടങ്ങുന്ന സംഘം വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തി വിനോദ പരിപാടികളിലേര്‍പ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ഇവര്‍ മടങ്ങിയതിനുശേഷമാണ് ചന്ദ്രശേഖരന്‍ നായര്‍ ഈ വിവരം അറിയുന്നത്. വണ്ടര്‍ലാ അധികൃതര്‍ തന്നെയാണ് വിവരം അറിയിച്ചതും. എന്നാല്‍ തന്റെ ബന്ധുക്കളാരും വണ്ടര്‍ലായിലേക്ക് പോയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും എഡിഎം പറയുന്നു.
ട്രൂ കോളറില്‍ എഡിഎം എറണാകുളം എന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതരെ വിളിച്ച് എഡിഎം എന്ന് പറഞ്ഞ്് ടിക്കറ്റ് ആവശ്യപ്പെട്ടത്. അധികൃതര്‍ നല്‍കിയ നമ്പര്‍ ബിഎസ്എന്‍ എല്ലില്‍ നല്‍കിയപ്പോഴാണ് നമ്പറിന്റെ ഉടമ കാക്കനാട് സി പി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ശ്യാംകുമാര്‍ ആണെന്ന് മനസിലാവുന്നത്. ഇദ്ദേഹത്തെ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ അറിവില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നമ്പറിന്റെ ഉടമ ഇദ്ദേഹം തന്നെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി തൃക്കാക്കര പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here