എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദം; മുഹമ്മദ് റിയാസിന്റെ മൊഴി രേഖപ്പെടുത്തി

എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ പരാതിക്കാരനായ ഡിവൈഎഫ്‌ഐ നേതാവ് പി എ മുഹമ്മദ് റിയാസിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെയാണ് മുഹമ്മദ് റിയാസ് മൊഴി നൽകിയത്

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടയിരുന്നു മുഹമ്മദ് റിയാസ് പരാതി നൽകിയത്. ഈ പരാതിയും ആയി ബന്ധപ്പെട്ടാണ് ഇന്ന് മുഹമ്മദ് റിയാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എ വി പ്രദീപിനു മുന്നിൽ നേരിട്ടെത്തിയായിരുന്നു മൊഴി നൽകിയത്. എം കെ രാഘവൻ നടത്തിയത് ഗുരുതരമായ അഴിമതി ആണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെ ഇടതുപക്ഷം ശക്തമായി പോരാടുമെന്നും എം കെ രാഘവനെതിരായ ആരോപണത്തിൽ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും പിന്തുണയുണ്ടെന്നും റിയാസ് പറഞ്ഞു. രാഘവന് എതിരായ അഴിമതികൾ ഇനിയും പുറത്ത് വരാനുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

അഴിമതി നിരോധന നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു എം കെ രാഘവന്റെ വാദം. അതേസമയം, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസ് എത്രയും പെട്ടന്ന് തീർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More