രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശങ്ങൾ തള്ളി ബിജെപി നേതാവ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആരോപണങ്ങൾ തള്ളി കർണാടകയിലെ ബിജെപി നേതാവും മുൻ എംപിയുമായ ശ്രീനിവാസ പ്രസാദ്. അഴിമതിക്കാരനായാണ് രാജീവ് മരിച്ചതെന്ന് ആരും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽടിടിഇ ആണ് രാജീവിനെ കൊലപ്പെടുത്തിയതെന്ന് ഏല്ലാവർക്കും അറിയാമെന്നും മറിച്ച് ചിന്തിക്കാൻ തനിക്ക് പോലുമാകില്ലെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു.
ചെറുപ്രായത്തിലെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തയാളാണ് രാജീവെന്നും വാജ്പേയ്ക്കു പോലും രാജീവിനേക്കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളുവെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഏറെ ബഹുമാനമുണ്ട്. എന്നാൽ, രാജീവ് ഗാന്ധിയേക്കുറിച്ച് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തേണ്ടിയിരുന്നില്ല- ശ്രീനിവാസ പ്രസാദ് കൂട്ടിച്ചേർത്തു.
നേരത്തെ, തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി, രാജീവിനെതിരെ തിരിഞ്ഞത്. രാജീവ് ഗാന്ധി രാജ്യം കണ്ട ഒന്നാം നമ്പർ അഴിമതിക്കാരനാണെന്നു പറഞ്ഞ മോദി ബൊഫോഴ്സ് കേസ് ഉയർത്തിക്കാട്ടി വോട്ട് തേടാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
മോദിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അതിനിടെയാണ് സ്വന്തം പാളയത്തിൽ നിന്നുതന്നെയുള്ള നേതാക്കളും മോദിയുടെ വാക്കുകൾ അതിരുകടന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here