അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയോഗിച്ച എഫ്. എം ഖലീഫുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തര്‍ക്ക ഭൂമിയായ 2.77 ഏക്കര്‍ നിര്‍മ്മോഹി അഘാര, സുന്നി വഖഫ് ബോര്‍ഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവര്‍ക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് മധ്യസ്ഥ സമിതിയെ നിയോഗിക്കാന്‍ കോടതി തീരുമാനിച്ചത്.
സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍ എഫ്.എം. ഖഫീലുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, യോഗാചാര്യന്‍ ശ്രീ ശീ രവിശങ്കര്‍ എന്നിവരടങ്ങിയ സമിതിയെ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്. സമിതിയുടെ സിറ്റിംഗുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതിനാല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമല്ല.
ചീഫ് ജസ്റ്റിസ് അദ്ധ്്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തര്‍ക്ക ഭൂമിയായ 2.77 ഏക്കര്‍ നിര്‍മ്മോഹി അഘാര, സുന്നി വഖഫ് ബോര്‍ഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവര്‍ക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയാണ് കോടതി പുനപ്പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്. അയോധ്യയില്‍ തര്‍ക്ക ഭൂമിക്ക് പുറമെയുള്ള 67 ഏക്കറോളം വരുന്ന മിച്ച ഭൂമി രാമജന്മഭൂമി ന്യാസിന് വിട്ട് കൊടുക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് പരിഗണിക്കുന്ന സുപ്രീം കോടതി വേഗത്തില്‍ വിധി പറയുമോയെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here