Advertisement

പൊലീസ് തപാൽ വോട്ട് തിരിമറി; ബുധനാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

May 9, 2019
Google News 1 minute Read

പൊലീസ് തപാൽ വോട്ട് തിരിമറിയിൽ വിശദമായ അന്വേഷണം നടത്തി വരുന്ന ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. സംഭവത്തിൽ പൊലീസ് അസോസിയേഷന്റെ പങ്കും വിശദമായി അന്വേഷിക്കണം. പോസ്റ്റൽ ബാലറ്റ് ശേഖരിക്കാൻ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശമയച്ച പോലീസുകാരനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാനും നിർദ്ദേശം നൽകി.

പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയത്. വരുന്ന ബുധനാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. സംഭവത്തിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനാൽ ഇക്കാര്യവും വിശദമായി അന്വേഷിക്കാൻ ടീകാറാം മീണ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവർ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശം നൽകി.

Read Also‘ടിക്കാറാം മീണ പ്രവർത്തിക്കുന്നത് ചട്ടപ്രകാരം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള സിപിഎം നിലപാട് തളളി മുഖ്യമന്ത്രി

പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പൊലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. തപാൽ വോട്ട് ശേഖരിക്കുന്നതിനായി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here