മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ നഗരത്തിൽ പ്രവേശിപ്പിക്കില്ലെന്ന് കളക്ടർ

മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ തൃശൂർ നഗരത്തിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. മെയ് 12 മുതൽ 14 വരെയാണ് ഇത്തരം ആനകളെ നഗരത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നത്.
തൃശൂർ നഗരപരിധിയിൽ മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിനെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്നും വിഷയം നാളെ കോടതി പരിഗണിക്കട്ടെയെന്നും അനുപമ പറഞ്ഞു.
അതേ സമയം തൃശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകൾ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. വൈകീട്ട് തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതു വരെ യാതൊരു അനുനയത്തിനുമില്ലെന്നാണ് ആനയുടമകളുടെ ഫെഡറേഷന്റെ നിലപാട്.
ആനകളെ വിട്ടു നൽകില്ലെന്ന് ആനയുടമകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആനകളെ നൽകാമെന്ന് ഗുരുവായൂർ ദേവസ്വവും കൊച്ചി ദേവസ്വം ബോർഡും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിനും കൊച്ചി ദേവസ്വം ബോർഡിനുമായി സ്വന്തമായി നാൽപ്പതോളം ആനകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here