ആന ഉടമകളും സർക്കാരുമായുള്ള ചർച്ച ഇന്ന്; തൃശൂർ പൂരത്തിന് ആന ഉടമകൾ സഹകരിക്കുമോയെന്ന് ഇന്നറിയാം

തൃശൂർ പൂരത്തിന് ആന ഉടമകൾ സഹകരിക്കുമോ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആന ഉണ്ടാകുമോ എന്ന് ഇന്നറിയാം. . ആന ഉടമകളുമായി ഇന്ന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് ചർച്ച നടത്തും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇത്തവണ പൂരത്തിന് ഉണ്ടാകില്ലെന്ന സൂചന വനം വകുപ്പ് മന്ത്രി നൽകിയതോടെയാണ് വിലക്ക് നീക്കിയില്ലെങ്കിൽ മേയ് 11 മുതൽ പൂരത്തിനും പൊതു പരിപാടികൾക്കും ആനകളെ വിട്ടു നൽകില്ലെന്ന് കേരള എലഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ തീരുമാനമെടുത്തത്. തൃശൂർ പൂരം അടുത്ത സാഹചര്യത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആനയുടമകളുടെ തീരുമാനം.പ്രശ്‌നം പരിഹരിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ആനയുടമകളുമായി ചർച്ച നടത്തും. വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
Read Also : ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകില്ല: ആന ഉടമകളുടെ സംഘടന
വനം വകുപ്പ് പ്രതിനിധികൾ ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് സൂചന. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവാഘോഷങ്ങൾക്ക് എഴുന്നള്ളിക്കേണ്ട എന്ന നിലപാട് വനംവകുപ്പും സർക്കാരും എടുത്തിട്ടില്ലെന്നും, ആരോഗ്യ സ്ഥിതിയടക്കം പരിശോധിച്ച് ജില്ലാ കലക്റ്റർ അടങ്ങുന്ന വിദഗ്ധ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്നും വനം വകുപ്പ് മന്ത്രി കെ.രാജു.
ആനയുടമ ഫെഡറേഷൻ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ പൂരത്തിന് ആനകളെ വിട്ടു നൽകാൻ തയ്യാറാണെന്നറിയിച്ചു ഗുരുവായൂർ ദേവസ്വവും രംഗത്തെത്തിയിട്ടുണ്ട്. തെച്ചിക്കോട്ട് കാവ് രാമച്ചന്ദ്രനെ ഒരു ദിവസത്തേക്കെങ്കിലും എഴുന്നെള്ളിക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി തിങ്കഴാഴ്ച വിധി പറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here