Advertisement

കുഞ്ഞിനെ രക്ഷിക്കണമെന്ന് കമന്റ്; ആംബുലൻസ് പുറപ്പെട്ടെന്ന് മന്ത്രി: കെകെ ശൈലജയെ പുകഴ്ത്തി സോഷ്യൽ മീഡിയ

May 9, 2019
1 minute Read

ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇപ്പോൾ ഫേസ്ബുക്കിലെ താരം. മുൻപും ഒരു മന്ത്രി എന്ന നിലയിൽ തൻ്റെ ജോലി വളരെ കൃത്യമായി ചെയ്ത് കയ്യടി നേടിയിട്ടുള്ള മന്ത്രി ഒരു ഫേസ്ബുക്ക് കമൻ്റിൻ്റെ അടിസ്ഥാനത്തിലെടുത്ത നടപടി കൊണ്ടാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ മന്ത്രിയെ അഭിനന്ദിച്ച് ഒട്ടേറെ ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. മന്ത്രിയുടെ മറുപടി കമൻ്റിനു മാത്രം 6000 ലൈക്കുകളോളമാണ് ലഭിച്ചത്.

സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം എന്ന് അഭ്യർഥിച്ചാണ് ജിയാസ് മാടശേരി എന്ന യുവാവ് മന്ത്രി കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പേജിനു താഴെ കമന്റിട്ടത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു അപേക്ഷ.

‘ടീച്ചറേ… വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങൾ ഡോക്ടർ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിരയിലോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടർ പറഞ്ഞു. ടീച്ചറേ… എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു’- ഇങ്ങനെയായിരുന്നു യുവാവിൻ്റെ അഭ്യർത്ഥന.

കമന്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ തന്നെ അതിനുതാഴെ മറുപടിയും കുറിച്ചു: ‘താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും’- മന്ത്രി കുറിച്ചു.

ഹൃദയസംബന്ധമായ തകരാറുള്ള ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ചികിൽസയ്ക്കായി പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പുലർച്ചയോടെ കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top