നീരാളിയെ ജീവനോടെ കഴിക്കാൻ ശ്രമം; വമ്പൻ പണി കിട്ടി യുവതി: വീഡിയോ

നീരാളിയെ ജീവനോടെ കഴിക്കാൻ ശ്രമിച്ച് പണി കിട്ടിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. ഭക്ഷണമാവുന്നതിൽ നിന്ന് രക്ഷപെടാൻ യുവതിയുടെ മുഖത്ത് അള്ളിപ്പിടിക്കുന്നതും വേദന കൊണ്ട് യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. ചൈനയിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോം ആയ കൈ്വഷൗവിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന്‍ എന്ന ഐഡി ഉപയോഗിക്കുന്ന വ്‌ലോഗര്‍ ആണ് വീഡിയോയിലെ താരം.
ഒരു നീരാളിയെ ജീവനോടെ തിന്നുന്നത് ലൈവ് വീഡിയോയില്‍ കാണിക്കാന്‍ ആയിരുന്നു യുവതിയുടെ ശ്രമം. പരാമവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ തീരെ പരിഭ്രാന്തിയില്ലാതെ ആണ് യുവതി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സെക്കന്റുകള്‍ക്കകം കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
ജീവന്‍ മരണ പോരാട്ടത്തില്‍ നീരാളി, കാലുകള്‍ കൊണ്ട് യുവതിയുടെ മുഖത്ത് പറ്റിപ്പിടിക്കുകയായിരുന്നു. എത്ര ശക്തമായിട്ടാണ് ഇത് പറ്റിപ്പിടിച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് യുവതി തുടങ്ങിയത്. പക്ഷേ, സംഗതി തമാശയല്ലെന്നറിഞ്ഞതോടെ യുവതി പരിഭ്രാന്തയായി. കൈകൊണ്ട് നീരാളിയെ പിടിച്ചുമാറ്റാനുള്ള ശ്രമമായി പിന്നീട്. അതോടെ നീരാളിപ്പിടിത്തം കുറേക്കൂടി രൂക്ഷമായി. പിന്നെ യുവതിയുടെ കരച്ചിലും വെപ്രാളവും അധികരിച്ചു.
ഒരുവിധത്തില്‍ ഒടുവില്‍ നീരാളിയെ പറിച്ചെടുത്തപ്പോഴേക്കും മുഖത്ത് ചെറിയ മുറിവുണ്ടാവുകയും ചെയ്തു. എന്നാലും നീരാളിപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായതിലുള്ള ആശ്വാസം യുവതിയുടെ മുഖത്ത് പ്രകടമായിരുന്നു. പക്ഷേ, പേടിച്ചിട്ടും മുഖം മുറിഞ്ഞിട്ടും അടുത്ത വീഡിയോയില്‍ ഇതിനെ തിന്നുന്നത് കാണിക്കാം എന്ന് പറഞ്ഞാണ് യുവതി വീഡിയോ അവസാനിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here