Advertisement

ശാന്തിവനം ചർച്ച പരാജയം; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കില്ലെന്ന് മന്ത്രി എം എം മണി

May 10, 2019
Google News 0 minutes Read

ശാന്തിവനം സംരക്ഷണ സമിതിയുമായി വൈദ്യുതി മന്ത്രി എം എം മണി നടത്തിയ ചർച്ച പരാജയം. നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. ശാന്തിവനം സംരക്ഷണ സമിതി ആശങ്കകൾ ഉന്നയിച്ചത് വൈകിപ്പോയി. എന്നാൽ അവർ ഉന്നയിച്ച ആശങ്കകൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ശാന്തിവനത്തിൽ വൈദ്യുതി ലൈൻ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇരുപത് വർഷം മുൻപ് തുടങ്ങിയതാണ്. പെട്ടെന്ന് നിർത്തിവെയ്ക്കണമെന്ന് പറയാനികില്ല. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ട് അലൈൻമെന്റ് തീരുമാനിച്ചതാണ്. ശാന്തിവനം വൈദ്യുതി ലൈനിന്റെ പണി നിർത്തിവെയ്ക്കണമെന്ന് മന്ത്രിയെന്ന നിലയിൽ പറയാനാകില്ലെന്നും തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ശാന്തിവനം സംരക്ഷണ സമിതിക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വർഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെഎസ്ഇബിയുടെ 110 കെ വി വൈദ്യുത ലൈൻ കടന്നു പോകുന്നതും അതിനു വേണ്ട ടവർ നിർമിക്കുന്നതും ശാന്തിവനത്തിലാണ്. അരസെന്റ് ഭൂമി മാത്രമാണ് ടവർ നിർമ്മാണത്തിന് ആവശ്യമായി വരികയെന്നാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 50 സെന്റ് സ്ഥലം ഇതിനായി കെഎസ്ഇബി ഏറ്റെടുത്തു. നിരവധി മരങ്ങളും വെട്ടിനിരത്തി.

ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നതോടെ ശാന്തിവനത്തിൽ കെഎസ്ഇബി നടത്തുന്ന ടവർ നിർമാണം നിർത്തിവെക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടിരുന്നു. എന്നാൽ നിർദ്ദേശം മറികടന്ന് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ബോർഡ് നീക്കം നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയാണ് കെഎസ്ഇബി ശാന്തിവനത്തിൽ നിർമാണങ്ങൾ പുനരാരംഭിക്കാൻ എത്തിയത്. ഇതിനെതിരെ ശാന്തിവനം സംരക്ഷണ സമിതി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു.

മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്നതാണ് ശാന്തിവനം. മീനാ മേനോൻ എന്ന സ്ത്രീയും അവരുടെ ഒൻപതാം ക്ലാസ്സുകാരിയായ മകളും ചേർന്നാണ് ശാന്തിവനം സംരക്ഷിക്കുന്നത്. ഇന്ന് നടന്ന ചർച്ചയിൽ മീനാ മേനോനും മകളും പങ്കെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here