നരേന്ദ്ര മോദിയുടെ ബ്യൂട്ടീഷന് മാസം ശമ്പളം 80 ലക്ഷം രൂപ ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത് ? [24 Fact Check]

അടുത്തിടെ ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിൽ വളരെ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു നരേന്ദ്ര മോദി മേക്കപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ. മോദിയുടെ ബ്യൂട്ടീഷന് ഒരു മാസം ലഭിക്കുന്ന ശമ്പളം 80 ലക്ഷമാണെന്ന തലക്കെട്ടോടെയാണ് വീഡിയോകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചരണം വ്യാജമാണ്.
മോദി സോഫയിൽ ഇരിക്കുന്നതും , കുറച്ച് പേർ മോദിയുടെ അളവെടുക്കുന്നതും, ചിത്രങ്ങളെടുക്കുന്നതുമൊക്കെയാണ് ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നത്. അലോക് തിവാരിയാണ് മോദിയുടെ ബ്യൂട്ടീഷന് ഒരു മാസം ലഭിക്കുന്ന ശമ്പളം 80 ലക്ഷമാണെന്ന തലക്കെട്ടോടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 16,000 ൽ അധികം തവണയാണ് ഈ വീഡിയോ അലോകിന്റെ അക്കൗണ്ടിൽ നിന്ന് മാത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പുറമെ വാട്ട്‌സാപ്പ്, ഫേസ്ബുക്കിലെ വിവിധ അക്കൗണ്ടുകൾ എന്നിവയിലൂടെയും വീഡിയോ ഈ തലക്കെട്ടോടെ തന്നെ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
ദൃശ്യം വ്യാജമല്ലെങ്കിലും, ദൃശ്യത്തിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന തലക്കെട്ടാണ് പ്രശ്‌നക്കാരൻ. മാഡം തുസോഡ്‌സ് മെഴുക് മ്യൂസിയത്തിൽ മോദിയുടെ പ്രതിമയുണ്ടാക്കാൻ വേണ്ടിയായിരുന്നു ഈ അളവെടുപ്പുകളെല്ലാം. ദൃശ്യത്തിൽ മോദിക്കൊപ്പം കാണുന്നവർ മോദിയുടെ ബ്യൂട്ടീഷന്മാരല്ല, മറിച്ച് മാഡം തുസോഡ്‌സിലെ ജീവനക്കാരാണ്.
2016 മാർച്ച് 16നാണ് ഈ വീഡിയോ ആദ്യം പുറത്തുവരുന്നത്. മാഡം തുസോഡ്‌സ് മ്യൂസിയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിടുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ഉത്തരപ്രകാരം 80 ലക്ഷമാണ് മോദിയുടെ ബ്യൂട്ടീഷന്റെ മാസ ശമ്പളം എന്നും പങ്കുവെക്കപ്പെട്ട പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ആർടിഐ ഉത്തരങ്ങളോ വാർത്തയോ പുറത്തുവന്നിട്ടില്ല.
മറിച്ച് മോദിയുടെ വസ്ത്രങ്ങളുടെ ചെലവ് വഹിക്കുന്നത് സർക്കാരാണോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവും ഉത്തരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ സർക്കാരല്ല പ്രധാനമന്ത്രിയുടെ വസ്ത്രത്തിന്റെ ചെലവ് വഹിക്കുന്നതെന്നായിരുന്നു ആർടിഐ ഉത്തരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here