വയനാട് പുല്‍പ്പള്ളി പാറക്കടവില്‍ വീണ്ടും കടുവ ശല്യം; ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് തുരത്തിയ അതേ കടുവയെന്ന് വനം വകുപ്പ്

വയനാട് പുല്‍പ്പള്ളി പാറക്കടവില്‍ വീണ്ടും കടുവ ഇറങ്ങി. കഴിഞ്ഞ ദിവസം ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് തുരത്തിയ അതേ കടുവയെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെ സംശയം,കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി.
പുല്‍പ്പളളി പാറക്കടവ് കാപ്പിപ്പടി കോളനിയില്‍ ഇന്നലെ വൈകീട്ട് ആറോടെയാണ് കടുവ വീണ്ടുമെത്തിയത്. കോളനിയിലെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്ന് കടുവ കാട്ടിലേക്ക് തന്നെ മടങ്ങി.
നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് പ്രദേശത്ത് കൂട് സ്ഥാപിച്ചു.കടുവയെ ആകര്‍ഷിക്കാന്‍ കൂട്ടിനുളളില്‍ ആടിനേയും നിര്‍ത്തിയിട്ടുണ്ട്.കടുവയെ പിടികൂടുംവരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് നിര്‍േദ്ദശം നല്‍കി. ഒന്നര ദിവസത്തോളം പരിശ്രമിച്ചാണ് കഴിഞ്ഞ ദിവസവും കടുവയെ ബന്ദീപ്പൂര്‍ വനമേഖലയിലേക്ക് തുരത്തിയത്. അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന കടുവയെ പിടികൂടി മൃഗശാലയിലെത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here