വേദിയിൽ സീറ്റ് കിട്ടിയില്ല; കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി: വീഡിയോ

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവുമാണ് സമരവേദിയിലെ ഇരിപ്പിടത്തെ ചൊല്ലി തമ്മില്‍ തല്ലിയത്.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന നടത്തിയ സമരത്തിന്റെ വേദിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തെ സ്‌കൂള്‍ പരീക്ഷകളുടെ ക്രമക്കേടുകള്‍ക്കെതിരായി ആയിരുന്നു സമരം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പരീക്ഷാ ഫലങ്ങള്‍ വന്നതിന് ശേഷം 22 ലധികം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു.

സമരവേദിയില്‍ ഇരിപ്പിടത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ട ഹനുമന്ത റാവുവും പ്രാദേശിക കോണ്‍ഗ്രസ് നേതാവായ നാഗേഷ് മുദിരാജും പിന്നീട് ഏറ്റുമുട്ടുകയായിരുന്നു. തല്ലിനിടയില്‍ നിലത്ത് വീണ് ഉരുണ്ട ഇവരെ മറ്റ് നേതാക്കള്‍ ഇടപെട്ട് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി ഹനുമന്ത റാവു മുന്‍ കേന്ദ്ര മന്ത്രിയും ആന്ധ്ര പ്രദേശ് മുന്‍ പി.സി.സി പ്രസിഡന്റുമാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top