കശുവണ്ടി ഫാക്ടറി സാമ്പത്തിക തട്ടിപ്പ്; വനിതാ ജീവനക്കാരടക്കം മൂന്നു താല്‍കാലിക ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തീരുമാനമായി

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വനിതാ ജീവനക്കാരടക്കം മൂന്നു താല്‍കാലിക ജീവനക്കാരെ ജോലിയില്‍ നിന്നുംപിരിച്ചു വിടാന്‍ ക്ഷേമ നിധി ഡയറക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും പരാതി നല്‍കും.
ദീര്‍ഘനാളായി അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കു വിഷുവിന് ധനസഹായമായി രണ്ടായിരം രൂപ വീതം നല്‍കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ നിന്നു വ്യാജ വിരലടയാളം പതിച്ച് അന്‍പതിലധികം തൊഴിലാളികളുടെ പണം തട്ടിയെടുത്തിനാണ് കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
ബോര്‍ഡില്‍ ഡപ്യുട്ടേഷനില്‍ എത്തിയ തദ്ദേശ സ്വയംഭരണ വകുപ്പിലെ ക്ലാര്‍ക്കും കൊല്ലം ചവറ സ്വദേശിയുമായ ജെ. മണികണ്ഠനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തട്ടിപ്പിനു കൂട്ടുനിന്ന താല്‍കാലിക ജീവനക്കാരായ രാജിമോള്‍, പി. ആശ, എസ്.അനില്‍കുമാര്‍ എന്നിവരെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അതേ സമയം തട്ടിപ്പിന്റെ ഉത്തരവാധിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
നേരത്തെ തൊഴില്‍ വകുപ്പ് വഴി വിതരണം ചെയ്തിരുന്ന ധനസഹായം 2017 ലാണു ബോര്‍ഡിനു കൈമാറിയത്. അന്നു മുതല്‍ തട്ടിപ്പ് നടന്നെന്ന സംശയത്തെതുടര്‍ന്നു ഇതുവരെ നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാനും ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇനി മുതല്‍ സഹായധനം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here