ലൂസിഫർ 2 ഉടൻ? വൈറലായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹൻലാലിന്റെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ സമാനതകളില്ലാത്ത വിജയമാണ് ബോക്‌സോഫീസിൽ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് അണിയറയിൽ ചർച്ചകൾ നടക്കുന്നതായും സൂചനകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ നടൻ മുരളി ഗോപി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാത്തിരിപ്പ് അധികം നീളില്ല (The wait… won’t be ‘L’ong.) എന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.
പോസ്റ്റിൽ ‘എൽ’ എന്ന അക്ഷരം പ്രത്യേകം എടുത്ത് പറഞ്ഞത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്. ലൂസിഫർ 2 ന് വേണ്ടി കട്ട വെയിറ്റിങാണെന്നും ചിലർ കമന്റ് ചെയ്തു.
പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയോടെയാണ് ലൂസിഫർ എത്തിയത്. എട്ടു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മോഹൻലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്‌റോയി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാർ, ബാല, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂർ, റഷ്യ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം മാർച്ച് 28-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.ഗൾഫിനു പുറമേ യു.എസ്, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന സൂചന നൽകി പൃഥ്വിരാജും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ് ലുക്ക് ആയിരുന്നു പൃഥ്വിരാജ് ആഴ്ചകൾക്ക് മുൻപ് പുറത്തുവിട്ടത്. ‘അവസാനം ആരംഭത്തിന്റെ തുടക്കം’ എന്ന അടിക്കുറിപ്പും അതിനൊപ്പം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here