ചൂർണിക്കര വ്യാജരേഖ കേസ്; കസ്റ്റഡിയിലെടുത്ത റവന്യു ഉദ്യോഗസ്ഥൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം

ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്ന അരുൺ സമാനമായ തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പിടിയിലായ അബുവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ചൂർണിക്കര വില്ലേജിൽ 25 സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ സീൽ പതിപ്പിച്ചത് ക്ലർക്ക് അരുണായിരുന്നു. ഇടനിലക്കാരൻ അബുവിനെ ചോദ്യം ചെയ്തപ്പോളാണ് അരുണിന്റെ പങ്ക് വ്യക്തമായത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായിരിക്കെ രണ്ടു വർഷത്തോളം അരുൺ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടർന്ന് ഇയാളെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, വ്യാജ ഉത്തരവ് നിർമ്മിച്ചതിൽ മുഖ്യ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ഇന്നും ചോദ്യം ചെയ്യും. വ്യാജരേഖ നിർമ്മിച്ചതിൽ അബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അബുവും അരുണും ഉൾപ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ആലുവയിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ ഉത്തരവുകളും പ്രമാണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here