‘പഴയൊരു സമുറായ് ബൈക്കിൽ എളിമയുടെ ആൾരൂപം’; പ്രദീപ് കുമാർ ‘പ്രാന്തൻ കണ്ടലിൽ’ എത്തിയ അനുഭവം പങ്കുവെച്ച് ഗിരീഷ് കുട്ടൻ

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ‘പ്രാന്തൻ കണ്ടലിൻ കീഴെവെച്ചല്ലേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്. തമിഴിലെ സുപ്രസിദ്ധ ഗായകൻ പ്രദീപ് കുമാറും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രദീപ് കുമാർ ആദ്യമായാണ് ഒരു മലയാള സിനിമക്ക് വേണ്ടി പാടുന്നത്. കവി അൻവർ അലിയുടെ വരികൾക്ക് സംഗീതം നൽകിയത് ഗിരീഷ് കുട്ടനാണ്. പ്രദീപ് കുമാർ തൊട്ടപ്പനിൽ എത്തിയ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗീരീഷ് കുട്ടൻ.
നൊറോണ കഥകളിലെ സുന്ദരവും മൗലികവുമായ ഗ്രാമീണതയെ പ്രതിനിധീകരിക്കാൻ തനിക്ക് അതേ പോലുളള ശബ്ദങ്ങൾ വേണമായിരുന്നുവെന്ന് ഗീരീഷ് ഫേസ്ബുക്കിൽ കുറിച്ചു. ആ അന്വഷണമാണ് പ്രദീപ് കുമാറിലേക്കും സിതാരയിലേക്ക് എത്തിച്ചത്. പ്രദീപ് കുമാർ ലഭ്യമാണോ എന്ന് അന്വേഷിച്ചപ്പോൾ തമിഴിൽ ആറ് പടങ്ങളിൽ ഒന്നിച്ച് സംഗീതം ചെയ്യുന്നുവെന്നാണ്. അദ്ദേഹത്തെ ലഭിക്കില്ലെന്നും അറിഞ്ഞു. തുടർന്ന് താൻ പാടിയ ട്രാക്ക് സുഹൃത്ത് പ്രദീപ് കുമാറിന് വാട്‌സ്ആപ്പിൽ അയച്ചകൊടുത്തു. നല്ല പാട്ടാണെന്നും പാടാൻ താൻ തയ്യാറാണെന്നുമാണ് അദ്ദേഹം നൽകിയ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഏറ്റവും പ്രിയപ്പെട്ടവരെ ഹവാ ഹവാ പാടിയ ഹസൻ ജഹാംഗീറിന്റെയും, റഹ്മാൻ സാറിന്റെ ഉസ്ലാം പെട്ടിയും, രാസാത്തിയും ഒക്കെ പാടിയ ഷാഹുൽ ഹമീദിന്റെയും ശബ്ദങ്ങളാണ് എന്നെ ഏറ്റവും അധികം പ്രചോദനം ചെയ്തിട്ടുളളത്. അതുകൊണ്ട് തന്നെ നൊറോണ കഥകളിലെ സുന്ദരവും മൗലികവുമായ ഗ്രാമീണതയെ പ്രതിനിധീകരിക്കാൻ എനിക്ക് അതേ പോലുളള ശബ്ദങ്ങൾ വേണമായിരുന്നു. ആ അന്വഷണമാണ് പ്രദീപ് കുമാറിലേക്കും, സിതാരയിലേക്ക് എന്നെ എത്തിച്ചത്. പ്രദീപ് കുമാർ ലഭ്യമാണോ എന്ന് അന്വഷിച്ചപ്പോൾ വിക്രം വേദയുടെ മ്യൂസിക് ഡയറക്ടറായ സാമിന്റെ ആർട്ടിസ്റ്റ് കോ ഓർഡിനേറ്റർ വേലു അണ്ണനും, പ്രാന്തൻ കണ്ടലിൽ ക്ലാർനെറ്റ് വായിച്ചിരിക്കുന്ന നാഥൻസാറും പ്രോഗ്രാമർ ജോമിയും പറഞ്ഞത് അദ്ദേഹം 6 തമിഴ് പടങ്ങളാണ് ഒന്നിച്ച് സംഗീതം ചെയ്യുന്നത് എന്നാണ്. നമുക്ക് കിട്ടാൻ സാധ്യത ഇല്ല എന്നാണ്. എങ്കിലും ജോമി അദ്ദേഹത്തിന് ഞാൻ പാടിയ ട്രാക്ക് വാട്ട്‌സ് ആപ് ചെയ്ത് കൊടുത്തു. പത്ത് മിനിറ്റിനുള്ളിൽ പ്രദീപ് സാറിന്റെ മറുപടി. ‘ wonderful Song I am Ready to Sing this song please convay this to Girish’.
അങ്ങനെ ഞനും തൊട്ടപ്പനിൽ അഭിനയിച്ച അരുണും രണ്ട് താത്ക്കാലിക ടിക്കറ്റ് സംഘടിപ്പിച്ച് ചെന്നൈയിലേക്ക് പുറപ്പെട്ടു. കുട്ടികൾ പരീക്ഷ ഹാളിലേക്ക് കയറുന്നതിന് മുമ്പ് പുസ്തകം ഒരു വട്ടം കൂടി മറിച്ച് നോക്കുന്നതു പോലെ രാത്രി ഏറെ വൈകിയും ഞാൻ പ്രദീപ് സാറിന്റെ പാട്ടുകൾ കേട്ടു. ആ ശബ്ദത്തിന്റെ എല്ലാ സാധ്യതകളും ഒരിക്കൽ കൂടി മനസ്സിലുറപ്പിച്ചു. ചെന്നൈയിലെ 2 ബാർ ക്യു സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഞങ്ങൾ നേരത്തെ സ്റ്റുഡിയോയിലെത്തി കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഞങ്ങളുടെ മുന്നിലേയ്ക്ക് രജനീകാന്ത് സിനിമകളായ കബാലിയിലെയും കാലയിലെയുമൊക്കെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച സാക്ഷാൽ പ്രദീപ് കുമാർ പഴയൊരു സമുറായ് ബൈക്കിൽ എളിമയുടെ ആൾരൂപം പോലെ പ്രത്യക്ഷപ്പെട്ടു. എന്റെ ചെവിയിൽ അദ്ദേഹത്തിന്റെ പാട്ടുകളായ കണ്ണമ്മയും, വാനം പാർത്തേയും, ആകായം തീ പുടുത്താലും, മായാനദിയിൻട്രുമൊക്കെ ഒന്നിച്ച് ആരോ പ്ലേ ചെയ്തതുപോലെ തോന്നി. പിന്നീട് അദ്ദേഹത്തിന് പാട്ട് പറഞ്ഞ് കൊടുക്കുമ്പോൾ ഓരോ വരിയുടെയും അർത്ഥം ചോദിച്ചും അദ്ദേഹമെന്നെ അത്ഭുതപ്പെടുത്തി. പാടാൻ കയറുന്നതിന് തൊട്ട് മുമ്പ് അദ്ദേഹത്തിന്റെ കൈ പിടിച്ച് പ്രാന്തൻ കണ്ടലിനെക്കുറിച്ച് എന്റെ മനസിലുള്ളത് ഞാൻ പറഞ്ഞു ‘ Sir this is an indian attempt of coutnry music’ .സത്യം റെക്കോഡ് ചെയ്ത് കൊണ്ടിരുന്നപ്പോൾ ഞാനറിഞ്ഞിരുന്നില്ല നമ്മുടെ മലയാളത്തിന് വേണ്ടി ഈ ലജൻഡറി ഗായകൻ പാടുന്ന ആദ്യത്തെ പാട്ടായി പ്രാന്തൻ കണ്ടൽ മാറുകയായിരുന്നു എന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here