ലിവർപൂളിന്റെ കാത്തിരിപ്പ് തുടരുന്നു; കിരീടം മാഞ്ചസ്റ്ററിൽ തന്നെ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർവ് സിറ്റി നിലനിർത്തി. അവസാന ലീഗ് മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്താണ് പെപ്പും സംഘവും കിരീടം നിലനിർത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചു വരവ്. അതേ സമയം, വോൾവ്സിനെ മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയെങ്കിലും ലിവർപൂളിന് സിറ്റിക്ക് പിന്നിൽ ഒരു പോയിൻ്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മാഞ്ചസ്റ്റർ സിറ്റി ജയിക്കാതിരുന്നാൽ മാത്രമായിരുന്നു ലിവർപൂളിന് കിരീട സാധ്യത. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ 27aam മിനിട്ടിൽ ഗോൾ നേടി സിറ്റിയെ ഞെട്ടിച്ചെങ്കിലും ഒരു മിനിട്ട് മാത്രമായിരുന്നു അതിൻ്റെ ആയുസ്സ്. 28ആം മിനിട്ടിൽ അഗ്യൂറോ സിറ്റിക്കായി സമനില ഗോൾ നേടി. തുടർന്ന് 38ആം മിനിട്ടിൽ ലപോർട്ടെ നേടിയ ഗോളിൽ മത്സരത്തിലാദ്യമായി സിറ്റി ലീഡെടുത്തു. ആദ്യ പകുതി 1-2ന് അവസാനിച്ചു. രണ്ടാം പകുതിയിൽ മെഹരെസ്, ഗുണ്ടഗാൻ എന്നിവർ കൂടി ഗോളുകൾ നേടിയതോടെ സിറ്റി കിരീടം ഉറപ്പിക്കുകയായിരുന്നു.
അതേ സമയം, സാദിയോ മാനേ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ലിവർപൂൾ ജയം കുറിച്ചത്. 17, 81 മിനിട്ടുകളിലായിരുന്നു മാനെയുടെ ഗോളുകൾ. 98 പോയന്റുമായാണ് ലീഗിൽ സിറ്റി ഒന്നാമത് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലിവർപൂളിന് 97 പോയിൻ്റാണുള്ളത്.
തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്വന്തമാക്കിയത്. ഇതോടെ സർ അലക്സ് ഫെർഗൂസണ് ശേഷം ആദ്യമായി കിരീടം നിലനിർത്തുന്ന കോച്ചായി പെപ് ഗ്വാർഡിയോള മാറി. മാഞ്ചസ്റ്റർ സിറ്റിയുടെ ആറാം ലീഗ് കിരീടമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here