മത്സ്യത്തൊഴിലാളികളെ പുകഴ്ത്തി യുഎന്നിൽ മുഖ്യമന്ത്രിയുടെ പ്രസംഗം: വീഡിയോ

യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഭാഷണം. പ്രളയ വേളയിൽ യാതൊന്നും ചിന്തിക്കാതെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ പ്രശംസ അർഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. മത്സ്യത്തൊഴിലാളികളുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
“പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. സര്‍ക്കാരും ജനങ്ങളും ദുരന്ത ഘട്ടത്തില്‍ ഒറ്റക്കെട്ടായി പ്രവൃത്തിച്ചു. എന്നും കടലിനോട് പോരടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. അവരുടെ സമയബന്ധിതമായ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേനെ. ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഒറ്റക്കെട്ടായി നിലകൊണ്ടു. നവകേരള നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമം. പരിസ്ഥിതി സൗഹൃദ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.”- അദ്ദേഹം പറഞ്ഞു.
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം കൃത്യതയോടെ പ്രവൃത്തിച്ചു. മന്ത്രിമാരും ജീവനക്കാരും ദിവസത്തില്‍ ഒരുദിവസമെങ്കിലും മീറ്റിങ്ങുകള്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധ സേനയും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇത് നിറവേറ്റുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് വളരെ വലുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ദുരന്ത ബാധിതകര്‍ക്ക് നഷ്ടപരിഹാരം എത്രയും വേഗം നല്‍കി. വൈദ്യുതി പോലുള്ള അത്യാവശ്യ സേവനങ്ങള്‍ റെക്കോര്‍ഡ് സമയത്താണ് പുനസ്ഥാപിക്കപ്പെട്ടത്. സര്‍ക്കാരിനൊപ്പം ഇതര സംഘടനകളും പൊതുജനങ്ങളും ചേര്‍ന്ന് മരുന്നുകളും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാനും വീടുകള്‍ വൃത്തിയാക്കാനും പ്രവൃത്തിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതിയാരംഭിച്ചു. വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ അനുവദിച്ചു.”- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ ലക്ഷ്യം പ്രളയത്തിന് മുമ്പ് എന്തായിരുന്നോ ഉണ്ടായിരുന്നത് അത് പുനസ്ഥാപിക്കുക എന്നതല്ല, എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള പുതിയൊരു കേരളം സൃഷ്ടിച്ചെടുക്കുക എന്നതാണ്”- അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here