11 മില്ലിമീറ്ററും ജോൺ സ്റ്റോൺസും; ലിവർപൂളിന് പ്രീമിയർ ലീഗ് നഷ്ടമായ വിധം

കഴിഞ്ഞ കുറേ സീസണുകളിൽ വെച്ച് ഏറ്റവും ശക്തമായ പ്രീമിയർ ലീഗ് സീസണാണ് ഇന്നലെ കഴിഞ്ഞത്. കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലിവർപൂൾ എഫ്സിയും തമ്മിൽ വെറും ഒരു പോയിൻ്റ് വ്യത്യാസം. പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഒരു സീസണിൽ ഏറ്റവുമധികം പോയിൻ്റ് നേടിയ മൂന്നാമത്തെ ടീമായിട്ടും ലിവർപൂൾ കിരീടം കൈവിട്ടു. ഈ അവസാന റിസൽട്ടിൽ ഇവിടെ 11 മില്ലിമീറ്ററിൻ്റെയും ജോൺ സ്റ്റോൺസിൻ്റെയും ഒരു കളിയുണ്ട്. ആ കളിയാണ് ഈ ലീഗ് ലിവർപൂളിനു നഷ്ടമാക്കിയത്.
ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനായി ലിവർപൂൾ എത്തിഹാദിൽ എത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് അവർക്ക് 7 പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എത്തിഹാദിലെ ഒരു ജയം ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിക്കുമായിരുന്നു. ജയത്തോടെ സിറ്റിയെക്കാൾ 10 പോയിൻ്റ് ലീഡെടുക്കാനും ലിവർപൂളിന് സാധിച്ചേനെ. അതിലേക്ക് ലിവർപൂൾ എത്തിയതുമാണ്.
ലിവർപൂൾ സ്ട്രൈക്കർ സാദിയോ മാനെയുടെ ശ്രമം മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പളെ മറികടന്ന് ഗോളിലേക്ക് കുതിച്ചെങ്കിലും ഗോൾ മുഖത്തു നിന്നും മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ജോൺ സ്റ്റോൺസ് അതി സാഹസികമായി അത് രക്ഷപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ 11 മില്ലിമീറ്റർ അകലെ വെച്ചായിരുന്നു സ്റ്റോൺസിൻ്റെ രക്ഷാപ്രവർത്തനം. മത്സരം അവസാനിക്കുമ്പോൾ 2-1 എന്ന സ്കോറിന് സിറ്റി ജയിച്ചു. ഒരുപക്ഷേ, 11 മില്ലിമീറ്റർ വ്യത്യാസത്തിൽ ജോൺ സ്റ്റോൺസ് അവതരിച്ചില്ലായിരുന്നുവെങ്കിൽ..!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here