പൊലീസ് പോസ്റ്റൽ വോട്ട് ക്രമക്കേട്; രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി

പൊലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കോടതി ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസുകാർക്ക് നൽകിയ മുഴുവൻ പോസ്റ്റൽ ബാലറ്റുകളും റദ്ദാക്കണമെന്നും വീണ്ടും വോട്ട് ചെയ്യാൻ ഹൈക്കോടതി ഇടപെട്ട് സൗകര്യം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് പോസ്റ്റൽ വോട്ടിനെച്ചൊല്ലി വിവാദങ്ങളുയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ശേഖരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിരുന്നു. പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾക്ക് നൽകണമെന്നാവശ്യപ്പെട്ടുള്ള പോലീസ് ഗ്രൂപ്പിലെ വാട്‌സ് ആപ്പ് സന്ദേശം പുറത്തായതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയും വാട്‌സ് ആപ്പ് സന്ദേശമയച്ച തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ എ.ആർ ക്യാമ്പിൽ എ.എസ്.പിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. പൊലീസുകാരുടെ മുറികളിലും ശുചിമുറികളിലും അടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേ സമയം എ.ആർ ക്യാമ്പിൽ രാത്രി മിന്നൽ പരിശോധന നടത്തിയ സംഭവത്തിൽ സിപിഎം നേതൃത്വം ഡിജിപിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. മിന്നൽ പരിശോധന സേനയുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്നാണ് ആക്ഷേപം.അതിനിടെ കാസർകോടും പൊലീസുകാർക്ക് പോസ്റ്റൽ വോട്ട് ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. കണ്ണൂരിലും തൃശൂരിലും നേരത്തെ പരാതിയുയർന്നിരുന്നു. സംഭവത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here