സൗദിയിൽ എണ്ണ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം;എണ്ണ വിതരണം തടസ്സപ്പെട്ടു

സൗദിയിൽ എണ്ണ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെ ഭീകരാക്രമണം. ഇന്ന് രാവിലെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് എണ്ണ വിതരണം ഭാഗികമായി തടസ്സപ്പെട്ടു.സൗദിയുടെ കിഴക്ക് -പടിഞ്ഞാറ് ഭാഗത്തെ രണ്ട് പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയായിരുന്നു ആക്രമണമെന്ന് സൗദി ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് വെളിപ്പെടുത്തി.കിഴക്കൻ പ്രവിശ്യയിൽ നിന്നും യാമ്പു പോർട്ടിലേക്കുള്ള എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെയായിരുന്നു ആക്രമണം. രാവിലെ ആറിനും ആറരയ്ക്കും ഇടയ്ക്കായിരുന്നു ആക്രമണം.
എട്ടാം നമ്പർ സ്റ്റേഷനിൽ ആക്രമണം മൂലം തീപിടുത്തം ഉണ്ടായി. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേടുപാടുകൾ തീർക്കാനായി സൗദി അരാംകോ ഈ പൈപ്പ് ലൈനുകൾ അടച്ചതോടെ ഈ ലൈൻ വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടു.
സൗദിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന യമനിലെ ഹൂത്തി ഭീകരവാദികളുടെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തെ സൗദി അപലപിച്ചു. സൗദിയുടെ എണ്ണ ഉൽപ്പാദനത്തെ ഇത് ബാധിക്കില്ലെന്ന് ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫുജൈറ കടൽ തീരത്ത് സൗദിയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here