പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചു

കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കൾക്കും ജാമ്യം ലഭിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇരുവരെയും ഇന്ന് ഉച്ചയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
തെളിവുകൾ നശിപ്പിച്ചു എന്ന കുറ്റമാണ് ഏരിയാ സെക്രട്ടറി മണികണ്ഠനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതാണ് ബാലകൃഷ്ണനെതിരെയുള്ള കേസ്. നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനും ഏരിയ സെക്രട്ടറി മണികണ്ഠനുമടക്കമുള്ള 4 സിപിഎം നേതാക്കളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.
ഇന്ന് വീണ്ടും വിളിച്ചു വരുത്തിയാണ് മണികണ്ഠനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാൽ യുഡിഎഫിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മണികണ്ഠൻ പറഞ്ഞു. ഇതോടെ പെരിയ ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് കാസർകോട് പെരിയയിൽ വെച്ച് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here