നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി പൗരന്മാര്‍ക്ക് യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി; ഒരാഴ്ച കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി അനുമതിപത്രമാണ് നല്‍കുക

യമന്‍ സന്ദര്‍ശിക്കാന്‍ സൗദി പൗരന്മാര്‍ക്ക് വീണ്ടും അനുമതി. ഒരാഴ്ചത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി അനുമതിപത്രമാണ് നല്‍കുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദികള്‍ക്ക് യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്.

സൗദി പൗരന്മാര്‍ യമന്‍ സന്ദര്‍ശിക്കുന്നതിന് നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. യമന്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള സൗദികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കാന്‍ അസീര്‍, നജ്‌റാന്‍, ജിസാന്‍ ഗവര്‍ണറെറ്റുകള്‍ക്കും വദീഅ ജവാസാത്തിനും നിര്‍ദേശം ലഭിച്ചു. യമനിലെ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. യമനില്‍ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്ന സാഹചര്യത്തിലാണ് വിലക്ക് നീക്കുന്നതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട് അല്‍ വതന്‍ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഉള്‍പ്പെടെ മാനുഷിക പരിഗണനയും യാത്രാ വിലക്ക് നീക്കാന്‍ കാരണമായിട്ടുണ്ട്. യാത്ര ചെയ്യുന്നതിന് പതിനഞ്ചു ദിവസമുന്‍പ് എങ്കിലുംഅപേക്ഷ സമര്‍പ്പിക്കണം.

യാത്ര ചെയ്യാനുള്ള കാരണം, പുറപ്പെടുന്ന സ്ഥലം, യമനില്‍ എത്ര ദിവസം ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കണം. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല എന്ന് അപേക്ഷകര്‍ ഉറപ്പ് നല്‍കണം. പരമാവധി ഒരാഴ്ചത്തെ കാലാവധിയുള്ള ഒരു തവണ മാത്രം സന്ദര്‍ശനം നടത്താവുന്ന അനുമതി പത്രമാണ് നല്‍കുക. സൗദി പൌരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് 2015-ലാണ് യമനിലേക്കുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More