കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിക്കും ഭാര്യക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം. കാക്കനാട് പടമുകളിൽ ഒരു ഫ്‌ളവർ മില്ലിൽ ജോലി ചെയ്തുവന്നിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ രശ്മിത പാണ്ഡെ ഇവരുടെ ഭർത്താവ് ബാബു എന്നിവരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി രശ്മിതയും ബാബുവും പടമുകളിലെ ഫ്‌ളവർ മില്ലിൽ ജോലി ചെയ്തുവരികയാണ്. സംഭവത്തിന് പിന്നാലെ ഇരുവരും നാടുവിട്ടതായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പറയുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ തീരുമാനം.
ഈ മാസം അഞ്ചിനാണ് സംഭവം. യൂത്ത് കോൺഗ്രസിലെ പ്രാദേശിക നേതാക്കളുമായി ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകുകയും ഇതേ ചൊല്ലി രാത്രിയോടെ വഴക്കുണ്ടാകുകയുമായിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പറയുന്നത്. മർദ്ദനത്തിന് പിന്നാലെ ഇരുവരും കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിത്സ തേടിയുന്നു. ഇതിന് ശേഷമാണ് ഇരുവരേയും കാണാതായത്.
ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ പൊലീസിൽ പരാതി നൽകാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ തീരുമാനം. ബാബുവിനേയും രശ്മിതയേയും എത്രയും വേഗം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. മർദ്ദനം ഭയന്ന് ഇരുവരും നാടുവിട്ടതാകാമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here