കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍; എറണാകുളം സ്വദേശി ആദിത്യയാണ് കസ്റ്റഡിയിലെടുത്തത്

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. എറണാകുളം സ്വദേശി ആദിത്യ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ മെയില്‍ വഴി ആദ്യം അയച്ച ആളാണ് ആദിത്യ. കേസില്‍ ഫാ.ടോണി കല്ലൂക്കാരനെയും ചോദ്യം ചെയ്തു.

എറണാകുളം പൂന്തുരുത്തി സ്വദേശിയായ ആദിത്യയാണ് നിലവില്‍ ആലുവ
പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ വൈകിട്ടോടു കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത ആദിത്യയുടെ അറസ്റ്റ് ഔദ്യോഗികമായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മുന്‍പ് കൊച്ചിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍. സ്ഥാപനത്തിലെ സിസ്റ്റം ഉപയോഗിച്ചാണ് വ്യാജ രേഖകള്‍ മെയില്‍ വഴി അയച്ചത്. എന്നാല്‍ വ്യാപാര സ്ഥാപനത്തിലെ അധികൃകര്‍ക്ക് ഇത് സംബന്ധിച്ച അറിവുകള്‍ ഇല്ല.

ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇയാളില്‍ നിന്നും ആരായുന്നത്. ഇതോടൊപ്പം ഒരു വൈദികനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. മുന്‍പ് കര്‍ദിനാളിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഈ വൈദികനും വ്യാജ രേഖയെ സംബന്ധിച്ച് അറിവുണ്ടെന്ന് സഭയിലെ മറ്റു ചില വൈദികര്‍ ആരോപണം ഉന്നയിച്ചിരുന്നു.

സഭയ്ക്കകത്തു തന്നെ ആഭ്യന്തര കലഹത്തിനു വഴി തെളിച്ച ഈ സംഭവം, സഭ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോള്‍ തേലക്കാട്ടിനെ ചോദ്യം ചെയ്യുകയും ഈ മെയില്‍ സംബന്ധിച്ച രേഖകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദികനേയും ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. വ്യാജ രേഖയുടെ ഉറവിടം സംബന്ധിച്ച് അറിവുണ്ട് എന്ന് കരുതുന്നവരേയാണ് ചോദ്യം ചെയ്യലിനു വിധേയമാക്കുന്നത്.

വ്യാജ രേഖ എന്ന തരത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് കര്‍ദ്ദിനാളിനെതിരായി കേസില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തിക ഇടപാടുകള്‍ കര്‍ദ്ദിനാല്‍ വിവിധ ബാങ്കുകള്‍ വഴി നടത്തി എന്ന ആരോപണമായിരുന്നു. എന്നാല്‍ ഇത് വ്യാജ രേഖയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കര്‍ദ്ദിനാളിനെതിരായി ആദ്യ വ്യാജ രേഖ അയച്ചത് ആദിത്യ എന്ന ആളാണെന്നാണ് പൊലീസ് കണ്ടെത്തല്‍.  ഇതിനിടെ എറണാകുളം അങ്കമാലി അതി രൂപതയിലെ ചില വിശ്വാസികളും വൈദികരും ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top