ആ ബോർഡങ്ങ് ഇഷ്ടായി; ജോഷിന് സമ്മാനം നൽകി മെമ്പർ സിബി ബോണി

വീടിനു മുന്നിൽ എസ്എസ്എൽസി പരീക്ഷയുടെ മാർക്കന്വേഷിക്കാൻ ആരും വീട്ടിലേക്ക് തള്ളിക്കേറി വരണ്ട എന്ന ബോർഡ് വെച്ച് വൈറലായ ജോഷിനെ അഭിനന്ദിച്ച് സമ്മാനം നൽകി ആലപ്പാട് പഞ്ചായത്ത് മെംബർ സിബി ബോണി. ജോഷിൻ്റെ വീട്ടിലെത്തിയാണ് മെംബർ സമ്മാനം നൽകിയത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മെമ്പർ ഈ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.
60 കിലോ മീറ്റർ സഞ്ചരിച്ച് തൃക്കണ്ണമംഗലത്തെ ജോഷിന്റെ വീട്ടിലെത്തിയാണ് പുത്തൻ വസ്ത്രങ്ങളും ബാഗും ഷൂവും മിഠായികളും ജോഷിന് സിബി സമ്മാനമായി നൽകിയത്.
ബോർഡിൻ്റെ ചിത്രം നവമാധ്യമങ്ങളിൽ വൈറലായതോടെ ആളെ ഒന്ന് കണ്ട് അഭിനന്ദിക്കണമെന്ന് സിബിയ്ക്ക് തോന്നി. ”മോനേ ജോഷിനെ, നിന്റെ അഡ്രസ് പറയെടാ, നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെംബര്‍ അയച്ചുതരുമെടാ…’ എന്ന അടിക്കുറിപ്പോടെ അവർ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. പോസ്റ്റ് കണ്ട വിശംഭരൻ പ്രഭാകരൻ എന്ന വിക്കിപീഡിയ പ്രവർത്തകൻ ജോഷിന്റെ വിലാസം തപ്പിപ്പിടിച്ച് സിബിയ്ക്ക് നൽകി. പിന്നാലെ ജോഷിന്റെ ടീച്ചർ വീട്ടിലെത്തി ബോർഡ് ഉൾപ്പെടെ പിടിച്ചുകാണ്ടു നിൽക്കുന്ന അവന്റെ ചിത്രവും എടുത്ത് സിബിക്കു നൽകി. ഇതും സിബി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
കൊല്ലം കൊട്ടാരക്കര തൃക്കണ്ണമംഗല്‍ എസ്‌കെവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജോഷിൻ ജോയി വേങ്ങൂർ തുണ്ടുവിള വീട്ടിൽ ഡി ജോയിയുടെ മൂത്ത മകനാണ്. റബ്ബർ വെട്ടുകാരനായ ജോയിക്ക് ജോഷിനെ കൂടാതെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here