മുഖം മറച്ച് വോട്ടു ചെയ്യാൻ വരുന്നത് ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം നടപ്പാക്കണമെന്ന് പി കെ ശ്രീമതി

മുഖം മറച്ചു വോട്ട് ചെയ്യാൻ വരുന്നത് ശരിയല്ലെന്ന് കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി. തിരിച്ചറിയാൻ മുഖം കാണണം. അതാണ് ന്യായം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം നടപ്പാക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമം എല്ലാവർക്കും എല്ലായിടത്തും ഒരുപോലെ നടപ്പിലാക്കണം. ഈ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി ഇടപെടണമെന്നും ശ്രീമതി ട്വന്റിഫോറിനോട് പറഞ്ഞു.

കള്ളവോട്ട് ആരോപണം കണ്ണൂരിനെ അപമാനിക്കുന്നതല്ല. അങ്ങനെയൊന്നും കണ്ണൂരിനെ അപമാനിക്കാനും സാധിക്കില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചിലർ അതിന് ശ്രമിക്കുന്നുണ്ട്. കണ്ണൂരിനെ ചീത്തയാക്കാൻ ശ്രമിക്കുന്നവരോട് തനിക്ക് പറയാനുള്ളത് അത് അവസാനിപ്പിക്കണമെന്നാണെന്നും ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.

റീപോളിംഗിലും നല്ല മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൽഡിഎഫിന്റെ പ്രവർത്തകർ മാത്രമല്ല കണ്ണൂരിലെ ജനങ്ങളും പ്രതീക്ഷിക്കുന്നത് എൽഡിഎഫ് വിജയിക്കുമെന്നു തന്നെയാണെന്നും ശ്രീമതി പറഞ്ഞു.

കള്ളവോട്ട് കണ്ടെത്തിയ ഏഴ് മണ്ഡങ്ങളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.

കാസർഗോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക് ബൂത്ത് നമ്പർ 70 എന്നിവടങ്ങളിലും കണ്ണൂർ പാമ്പുരുത്തി മാപ്പിള എ യു പി എസിലെ 166 ാം നമ്പർ ബൂത്തിലും റീപോളിംഗ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നിർദ്ദേശിച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ധർമ്മടത്തെ 52, 53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top