കള്ളവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മുഖം മറച്ച് വോട്ട് ചെയ്യണമെന്ന് വാശി പിടിക്കുന്നത്; എം.വി ജയരാജൻ

കള്ളവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മുഖം മറച്ച് വോട്ട് ചെയ്യണമെന്ന് വാശി പിടിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോൺഗ്രസിന്റെ അണികൾ പുതിയങ്ങാടി, പാമ്പുരുത്തി ബൂത്തുകളിൽ മുഖം മറച്ചാണ് കള്ളവോട്ട് ചെയ്തത്. പോളിങ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ചിലർ മുഖാവരണം മാറ്റാൻ തയ്യാറായില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. എയർപോർട്ടിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ യാത്രക്കാർ മുഖാവരണം മാറ്റാറുണ്ട്. പോളിങ് സ്‌റ്റേഷനിലും ഇതേ രീതിയാണ്.
മുഖാവരണത്തിന്റെ കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയ മറുപടി തൃപ്തികരമല്ലെന്നും ജയരാജൻ വ്യക്തമാക്കി. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസർകോട്, കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ നാളെ റീ പോളിങ് നടക്കുമ്പോൾ മുഖം മറയ്ക്കുന്ന രീതിയിൽ പർദ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. മുഖം മറച്ച് വോട്ട് ചെയ്യാൻ വരുന്നത് ശരിയല്ലെന്ന് കണ്ണൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതിയും വ്യക്തമാക്കിയിരുന്നു. തിരിച്ചറിയാൻ മുഖം കാണണമെന്നതാണ് ന്യായമെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം നടപ്പാക്കണമെന്നുമാണ് ശ്രീമതി ആവശ്യപ്പെട്ടത്.
Read Also; റീപോളിംഗ് പ്രഖ്യാപനം മുന്നൊരുക്കം ഇല്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി ബാലകൃഷ്ണൻ
പരാതിയെ തുടർന്ന്, റീ പോളിങ് നടക്കുന്ന ബൂത്തുകളിൽ മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചെത്തുന്നവരെ പരിശോധിക്കാൻ ഒരു വനിതാ പോളിങ് ഓഫീസറെ അധികമായി നിയമിക്കാൻ കണ്ണൂർ,കാസർകോട് ജില്ലാ കളക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. മുഖാവരണം ധരിച്ചെത്തുന്നവരുടെ മുഖം വോട്ടർപട്ടികയിലെ ചിത്രം തന്നെയാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here