റീപോളിംഗ് പ്രഖ്യാപനം മുന്നൊരുക്കം ഇല്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി ബാലകൃഷ്ണൻ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റീപോളിംഗ് പ്രഖ്യാപനം മുന്നൊരുക്കം ഇല്ലാതെയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ആരുടേയോ സമ്മർദ്ദം കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പോളിംഗ് ബൂത്തിൽ നിഖാബ് ധരിച്ച് എത്തുന്നതിൽ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. ഏജന്റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണം. മാധ്യമപ്രവർത്തകരെ ആര് ആക്രമിച്ചാലും അത് ആക്രമിച്ചാലും അപലപനീയമാണ്. കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ സിപിഐഎം ആക്രമിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കള്ളവോട്ട് കണ്ടെത്തിയ ഏഴ് മണ്ഡങ്ങളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
Read more: കള്ളവോട്ട്; മൂന്നിടങ്ങളിൽ കൂടി റീപോളിംഗ്
കാസർഗോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക് ബൂത്ത് നമ്പർ 70 എന്നിവടങ്ങളിലും കണ്ണൂർ പാമ്പുരുത്തി മാപ്പിള എ യു പി എസിലെ 166 ാം നമ്പർ ബൂത്തിലും റീപോളിംഗ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നിർദ്ദേശിച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ധർമ്മടത്തെ 52, 53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here