അറബ് ജിസിസി ഉച്ചകോടികൾ മക്കയിൽ ഈ മാസം 30ന്

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം മുപ്പതിന് മക്കയിൽ അറബ് ജിസിസി ഉച്ചകോടികൾ നടത്താൻ തീരുമാനിച്ചു. ഉച്ചകോടികളിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് വിവിധ രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചു.
ഈ മാസം മുപ്പതിന് മക്കയിൽ വെച്ചാണ് ജിസിസി ഉച്ചകോടിയും അറബ് ഉച്ചകോടിയും നടക്കുന്നത്. ജി.സി.സി നേതാക്കളെയും അറബ് നേതാക്കളെയും സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉച്ചകോടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മേഖലയിൽ അമേരിക്ക ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഉച്ചകോടി മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാനെതിരെയുള്ള യുദ്ധ സന്നാഹത്തിൻറെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കാൻ തീരുമാനിച്ചത്. അമേരിക്കയുടെ ആവശ്യം ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അറബ്ജിസിസി ഉച്ചകോടികൾക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം എണ്ണ ഉത്പാദക രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം ഇന്ന് ജിദ്ദയിൽ നടക്കും.
സൗദിയുടെ എണ്ണക്കപ്പലുകൾക്കും എണ്ണ വിതരണ പൈപ്പ്‌ലൈനുകൾക്കും നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് യോഗം. ഇറാനാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സൌദിയും യു.എ.ഇയും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാൻറെ എണ്ണവിപണിയെ ബാധിക്കും വിധം ഉപരോധം തുടർന്നാൽ ആഗോള തലത്തിൽ എണ്ണ വിതരണം മുടക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയത്തിനു പിന്നാലെയായിരുന്നു ഈ ആക്രമണങ്ങൾ. എന്നാൽ ആഗോള തലത്തിൽ എണ്ണ ലഭ്യതയിലും വിതരണത്തിലും കുറവ് വന്നിട്ടില്ലെന്ന് സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here