മോദിയുടെ കേദാർനാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനമെന്ന് തൃണമൂൽ കോണ്ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ നടത്തിയ സന്ദർശനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് തൃണമൂൽ കോണ്ഗ്രസ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെര. കമ്മീഷന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ പരാതി നൽകി.
മോദിയുടെ കേദാർനാഥ് യാത്രയെപ്പറ്റി മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ടുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചശേഷമായതിനാൽ ഇതെല്ലാം പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്.
കേദാർനാഥ് മാസ്റ്റർ പ്ലാനിനെപ്പറ്റി മോദി ഞായറാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിച്ചത് ചട്ടലംഘനമെന്നും ഒബ്രിയാൻ പറഞ്ഞു. അതേസമയം, കേദാർനാഥിലെ ധ്യാനവും ക്ഷേത്ര സന്ദർശനവും പൂർത്തിയാക്കി പ്രധാനമന്ത്രി ബദരിനാഥിലേക്ക് പുറപ്പെട്ടു.
പുണ്യഭൂമിയിൽ ദർശനം നടത്താൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. തനിക്കുവേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തിന് സന്പൽസമൃദ്ധിയുണ്ടാകട്ടെയെന്നുമാണ് കേഥാർനാഥിൽവച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മോദി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here