മുപ്പതിനായിരം മാപ്പിളപ്പാട്ടുകളുടെ ശബ്ദ ശേഖരവുമായി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി…

പഴയകാല മാപ്പിളപ്പാട്ടുകള്‍ വായിച്ചറിയാന്‍ മാത്രമല്ല കേട്ട് ആസ്വദിക്കാനും കൂടി സൗകര്യമൊരുക്കുകയാണ് മലപ്പുറം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി. ഇതിനായി മുപ്പതിനായിരം മാപ്പിളപ്പാട്ടുകളുടെ ശബ്ദ ശേഖരമാണ് അക്കാദമിയില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഗ്രാമഫോണില്‍ റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ വരെയുണ്ട് എന്നതാണ് അക്കാദമിയെ വ്യത്യസ്തമാക്കുന്നത്.
ചിരപരിചിതങ്ങളായ പാട്ടുകള്‍ക്കൊപ്പം ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായ പാട്ടുകളുടെ ശേഖരമാണ് മലപ്പുറം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ഒരുങ്ങുന്നത്. മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്നവര്‍ ഒരുക്കുന്ന ഈ ശബ്ദ ശേഖരത്തില്‍ ഇരുപത് വര്‍ഷത്തിത്തിലേറെ പഴക്കമുള്ള പാട്ടുകളാണുള്ളത്. ഗ്രാമഫോണില്‍ റെക്കോര്‍ഡ് ചെയ്തവ വരെ ശേഖരത്തിലുണ്ട്. ഡിജിറ്റല്‍ രൂപത്തിലാണ് പാട്ടുകള്‍ സൂക്ഷിക്കുന്നത്.
മാപ്പിളപ്പാട്ടില്‍ ഗവേഷണം നടത്തുന്നവരെ ഉദ്ദേശിച്ചാണ് പദ്ധതിയെങ്കിലും സ്വസ്ഥമായിരുന്ന് പാട്ടുകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമി മാപ്പിളപ്പാട്ടുകളാല്‍ സംഗീതമയമാക്കാനാണ് തീരുമാനം. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ചെറു സ്പീക്കറുകളിലൂടെ പകല്‍സമയത്ത് മാപ്പിളപ്പാട്ടുകള്‍ ഒഴികിയെത്തും.
അക്കാദമിയിലെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തവയും ശേഖരത്തില്‍ ലഭ്യമാവും.
മൂന്നു മാസത്തിനകം പദ്ധതി പൂര്‍ത്തിയാനാണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി റസാഖ് പയമ്പ്രാട്ട് പറഞ്ഞു.
നിലവില്‍ ശേഖരിച്ച പാട്ടുകള്‍ വിവിധ വിഭാഗങ്ങളിലായി ക്രമപ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പാട്ടുകളുടെ വിഷയക്രമം, ആലപിച്ചവര്‍, എഴുതിയ കാലഘട്ടം , സംഗീതസംവിധായകന്‍ തുടങ്ങിയ രീതിയിലാണ് പാട്ടുകളെ ക്രമപ്പെടുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here