ചക്രകസേരയുടെ സഞ്ചാര കഥകളിലൂടെ പ്രചോദനമായി മാറിയ ഫാസില്‍ വിടപറഞ്ഞു

ചക്രകസേരയുടെ സഞ്ചാര കഥകളിലൂടെ പ്രചോദനമായി മാറിയ മലപ്പുറം വെളിമുക്ക് സ്വദേശി ഫാസില്‍ വിടപറഞ്ഞു. വീല്‍ചെയറിലിരുന്ന് ഈ പതിനെട്ടുകാരന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്കായി പോരാട്ടം നടത്തിയിരുന്ന ഫാസിലിന്റെ ശബ്ദത്തിന് 24 ഉം പിന്തുണ നല്‍കിയിരുന്നു.

പരിമിതികളുടെ ലോകമെന്നു പറഞ്ഞവര്‍ക്ക് വിജയഭേരികള്‍ കാണിച്ചു കൊടുത്ത ജീവിതം. വീല്‍ചെയറില്‍ ഒതുങ്ങിപ്പോയവരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഫാസില്‍ തനിയെ മടങ്ങിയിരിക്കുന്നു. അക്ഷരങ്ങളായിരുന്നു ഫാസിലിന്റെ സമരായുധം. ഭിന്നശേഷികാര്‍ക്ക് വേണ്ടി ചക്രക്കസേരയിലിരുന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവന്‍ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിട പറയുമ്പോഴും പോരാട്ടത്തിന്റെ സമരമുഖത്ത് തന്നെയായിരുന്നു ഫാസില്‍. ഭിന്നശേഷിക്കാരുടെ യാത്രകള്‍ക്ക് വഴിമുടക്കിയ ക്യൂയുആര്‍ടിസിയുടെ നടപടികള്‍ക്കെതിരെ ഫാസില്‍ നിരന്തരം എഴുതി. ഫാസിലിന്റെ ശബ്ദം ഉത്തരം എന്ന പ്രോഗ്രാമിലൂടെ അധികാരികള്‍ക്ക് മുന്‍പില്‍ എത്തിച്ച് ആ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഉത്തരം കണ്ടെത്താനും 24 നും സാധിച്ചിരുന്നു.

മലപ്പുറം വെളിമുക്ക് സ്വാദേശിയാണ് ഫാസില്‍. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫാസില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ഉപയോഗിച്ചു നടത്തിയ യാത്രകളെ കുറിച്ച് തന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടി എഴുതി.  പുറത്തിറങ്ങാനും, യാത്ര ചെയ്യാനും ആഗ്രഹമുണ്ടെന്നും അതിനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും ഫാസില്‍ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നു. പെരുന്നാളിന് പുതുവസ്ത്രം വാങ്ങിയുടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വേണ്ടി അവനിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഫാസിലിന്റെ വാളില്‍ കിടപ്പുണ്ട്. പക്ഷേ പെരുന്നാളിന് കാത്ത് നില്‍ക്കാതെ വലിയ സൗഹൃദ വലയത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഫാസില്‍ യാത്രയായിരിക്കുന്നു.

Top