‘അത് കൊലപാതകമല്ല’; വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച പിക് അപ് വാനിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

വഴിയാത്രക്കാരിയായ വീട്ടമ്മ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പിക് അപ് വാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ചിരുന്ന പാറശാല മേലത്താട്ടിൽ പുത്തൻ വീട്ടിൽ ഷാരോണിനെ ആലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. സംഭവം കൊലപാതകമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിരുന്നു. വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എറണാകുളം മനയ്ക്കപ്പടിയിലാണ് സംഭവം നടന്നത്. കരുമല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥന്റെ ഭാര്യ ജസീന്തയാണ് മരിച്ചത്. ആലുവയിൽ നിന്നും പറവൂർക്ക് പോകുകയായിരുന്ന പിക് അപ് വാനാണ് വഴിയിൽ നിൽക്കുകയായിരുന്ന ജസീന്തയെ ഇടിച്ചു തെറിപ്പിച്ചത്. വീട്ടമ്മയ്ക്കു നേരെ വരുന്ന വാഹനം അവരെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടിച്ചു പോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. പിക് അപ് വാനിന് പിന്നാലെ വന്ന കാർ പെട്രോൾ പമ്പിന് സമീപം നിർത്തുന്നതും അപകട വിവരം പമ്പിലെ ജീവനക്കാരെ അറിയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
വഴിയാത്രക്കാരിയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആസൂത്രിതമായ കൊലപാതകം എന്ന രീതിയിലാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെക്കപ്പെട്ടതും തുടർന്നുള്ള ചർച്ചകളും നടന്നത്. നിരവധി പേർ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കമന്റ് ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവരും നിരവധിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here