‘രണ്ടാംമൂഴം’ തർക്കം ഹൈക്കോടതിയിലേക്ക്; എം ടിയും ശ്രീകുമാർ മേനോനും ഹർജി ഫയൽ ചെയ്തു

എം.ടി വാസുദേവൻ നായരുടെ രണ്ടാംമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതിയിലേക്ക്. ഇത് സംബന്ധിച്ച് എം.ടി വാസുദേവൻ നായരും സംവിധായകൻ വി എ ശ്രീകുമാർ മേനോനും ഹൈക്കോടതിയിൽ വ്യത്യസ്ത ഹർജികൾ ഫയൽ ചെയ്തു.
തിരക്കഥയുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥനെവെയ്ക്കണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ശ്രീകുമാർ മേനോൻ ഹർജി നൽകിയത്. വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന കോടതി പരാമർശം നീക്കാനാണ് എം ടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുവരുടെയും ഹരജികൾ ഹൈക്കോടതി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി.
നേരത്തെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് എം ടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാതിരുന്നതിനാലാണ് ഹർജി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here