ഭീകരവാദ കേസ്; സൗദിയില്‍ ഇരുപത്തിയാറു പേര്‍ പിടിയില്‍

ഭീകരവാദ കേസുകളില്‍ സൗദിയിലെ റമദാനില്‍ മാത്രം ഇരുപത്തിയാറു പേര്‍ പിടിയിലായി. ഇതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടും. അതേസമയം ഇന്നലെയും സൗദിക്ക് നേരെ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.
റമദാന്‍ തുടങ്ങിയ ശേഷം ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീകരവാദ കേസുകളില്‍ ഇരുപത്തിയാറു പേരാണ് സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ പതിനാല് പേര്‍ സൗദികളാണ്. പിടിയിലായവരില്‍ ഒരു ഇന്ത്യക്കാരനുമുള്ളതായി സുരക്ഷാ വിഭാഗം അറിയിച്ചു. അഞ്ച് യമനികളും, സിറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വീതവും പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരോരുത്തരും പിടിയിലായി. മേയ് പത്തിനാണ് ഇന്ത്യക്കാരന്‍ പിടിയിലായത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, സഹായിക്കല്‍ തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ വിചാരണയ്ക്ക് ശേഷം നടപടികള്‍ സ്വീകരിക്കും.
അതേസമയം സൗദിക്ക് നേരെ ഇന്നലെയും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. തെക്കന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാന് നേരെയായിരുന്നു ആക്രമണം. നാശനഷ്ടങ്ങള്‍ ഇല്ലെന്ന് സൗദി സുരക്ഷാവിഭാഗം അറിയിച്ചു. തിങ്കളാഴ്ച മക്ക,ജിദ്ദ നഗരങ്ങളെ ലക്ഷ്യംവെച്ച് വന്ന ഡ്രോണുകള്‍ തായിഫിനടുത്ത് വെച്ച് സൗദി തകര്‍ത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here