അമേഠിയുടെ ചരിത്രത്തിൽ ഗാന്ധി കുടുംബത്തിന്റെ തോൽവി ഇത് രണ്ടാം തവണ

കോൺഗ്രസിനെ എക്കാലവും ഹൃദയത്തിലേറ്റിയ മണ്ഡലമാണ് ഇത്തവണ രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉത്തർപ്രദേശിലെ അമേഠി. രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും, സോണിയാ ഗാന്ധിയും, രാഹുൽ ഗാന്ധിയുമെല്ലാം വൻ ഭൂരിപക്ഷത്തോടെ
പല തവണ വിജയിച്ചിട്ടുള്ള ഇവിടെ ഇതിനു മുമ്പ് ഒരിക്കൽ മാത്രമാണ് ഗാന്ധികുടുംബത്തിന് പരാജയം നേരിടേണ്ടി വന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഇളയച്ഛൻ സഞ്ജയ് ഗാന്ധി 70,000 ത്തോളം വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെട്ടത്. എന്നാൽ 1980 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സഞ്ജയ് ഗാന്ധി വീണ്ടും മണ്ഡലം പിടിച്ചെടുത്തു.
Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം
സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ 1980 മുതൽ നാല് തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച സഹോദരൻ രാജീവ് ഗാന്ധി വലിയ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. രാജീവിന്റെ മരണത്തിനു ശേഷം 1999 ൽ സോണിയാ ഗാന്ധിയും ഇവിടെ വിജയിച്ചു. 2004 ലും 2009 ലും ഇവിടെ മത്സരിച്ച രാഹുൽ ഗാന്ധി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ഇക്കുറി മൂന്നാമങ്കത്തിൽ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ അമേഠി കൈവിടുകയായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയോട് 40,000 വോട്ടിന്റെ വ്യത്യാസത്തിലാണ് രാഹുൽ അമേഠിയിൽ തോൽവി വഴങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here