Advertisement

കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

April 6, 2019
Google News 1 minute Read

രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കിലായിക്കഴിഞ്ഞു. ജനവിധി രേഖപ്പെടുത്താൻ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…

ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും എന്നും ഹൃദയത്തിൽ സൂക്ഷിച്ച ചരിത്രമാണ് ഉത്തർപ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തിനുള്ളത്. സഞ്ജയ് ഗാന്ധി മുതൽ രാഹുൽഗാന്ധി വരെയുള്ളവരെ സുരക്ഷിതമായി വിജയിപ്പിച്ചെടുത്ത കണക്കുകളും ഇതിന് തെളിവായി അമേഠിക്കൊപ്പമുണ്ട്. എന്നാൽ നാലാം തവണയും രാഹുൽ ഗാന്ധി ജനവിധി തേടിയിറങ്ങുമ്പോൾ ഇത്തവണ അമേഠിയുടെ മനസിലിരുപ്പ് എന്താകുമെന്നറിയാൻ രാജ്യത്തിന് ആകാംക്ഷയേറെയാണ്.സുരക്ഷിത മണ്ഡലമെന്ന ഖ്യാതിയ്ക്ക് ഉലച്ചിലുണ്ടാക്കും വിധം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കാര്യമായി കുറഞ്ഞതും  മണ്ഡലത്തിലെ വികസനമുരടിപ്പ് ആരോപണങ്ങളുമെല്ലാം ചേരുമ്പോൾ അമേഠി ഇത്തവണ മാറി ചിന്തിക്കുമോയെന്ന് കോൺഗ്രസിന് വരെ തെല്ലൊരു ആശങ്കയുണ്ടെന്നതാണ് വാസ്തവം.

” സൈന്യാധിപനെ വീഴ്ത്തി യുദ്ധം ജയിക്കാനുള്ള ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് മാറുന്നതെന്ന ആരോപണവും അമേഠിയിൽ കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്  ”

1967 ൽ രൂപീകൃതമായ അമേഠി ലോക്‌സഭാ മണ്ഡലത്തിൽ കന്നി തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിലെ വിദ്യാധർ വാജ്‌പേയ് ആണ്. 71 ലും വിദ്യാധർ വിജയം ആവർത്തിച്ചു. എന്നാൽ 1977 ൽ അടിയന്താവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അമേഠി ആദ്യമായി കോൺഗ്രസിനെ കൈവിട്ടു. ഭാരതീയ ലോക്ദളിന്റെ രവീന്ദ്രപ്രതാപ്‌
സിങിനോട് സഞ്ജയ് ഗാന്ധി പരാജയപ്പെട്ടു. മുക്കാൽ ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു പരാജയം. എന്നാൽ 1980 ൽ നടന്ന അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സഞ്ജയ് ഇതിന് പകരം വീട്ടി.

കഴിഞ്ഞ തവണ തന്നെ തോൽപ്പിച്ച അതേ രവീന്ദ്രപ്രതാപ് സിങിനെ ഒന്നേകാൽ ലക്ഷത്തോളം വോട്ടുകൾക്കാണ് സഞ്ജയ് ഗാന്ധി പരാജയപ്പെടുത്തിയത്.എന്നാൽ തൊട്ടടുത്ത വർഷം സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെ അമേഠി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങി. 1981 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയുടെ സഹോദരൻ രാജീവ് ഗാന്ധിയാണ് വിജയിച്ചത്.തുടർന്നങ്ങോട്ട് തുടർച്ചയായി കോൺഗ്രസ് പക്ഷത്തു തന്നെ അമേഠി നിലയുറപ്പിക്കുകയായിരുന്നു. 1984, 1989, 1991 വർഷങ്ങളിലും രാജീവ് വിജയം ആവർത്തിച്ചു.

ഇതിൽ 1984 ലെ തെരഞ്ഞെടുപ്പിൽ രാജീവിന്റെ മുഖ്യ എതിരാളിയായി മത്സരിച്ചത്  സഹോദരൻ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്വതന്ത്രസ്ഥാനാർത്ഥിയായാണ് മേനക ഗാന്ധി അന്ന് അമേഠിയിൽ മത്സരിച്ചത്.

നാലു തവണ അമേഠിയെ പ്രതിനിധീകരിച്ച രാജീവ് ഗാന്ധി 1991 ൽ കൊല്ലപ്പെട്ടതോടെ അമേഠിയിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിലെ സതീഷ് ശർമ്മയാണ് 1991 ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. 96 ലും സതീഷ് ശർമ്മ വിജയം ആവർത്തിച്ചു. എന്നാൽ 1998 ൽ അമേഠിയിൽ വീണ്ടും കോൺഗ്രസിന് കാലിടറി. ബിജെപിയോടായിരുന്നു പരാജയം. അട്ടിമറി ജയത്തിലൂടെ സഞ്ജയ് സിംഗ്  അമേഠിയിൽ ആദ്യമായി ബിജെപിയുടെ കൊടി നാട്ടി. എന്നാൽ കോൺഗ്രസിന്റെ അഭിമാന മണ്ഡലം തിരിച്ചുപിടിക്കാൻ അടുത്ത തവണ സോണിയാ ഗാന്ധി തന്നെ കളത്തിലിറങ്ങി. മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോണിയയെ അന്ന് അമേഠി സ്വീകരിച്ചത്.

തുടർന്ന് 2004 ലും 2009 ലും മത്സരിച്ച രാഹുലും മികച്ച ഭൂരിപക്ഷം നിലനിർത്തി. 2009 ൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടെന്ന റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്. എന്നാൽ 2014 ൽ കാര്യങ്ങൾ മാറിത്തുടങ്ങുകയായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം മൂന്നാം സ്ഥാനത്തേക്കുപോയ ബിജെപി 2014 ൽ  അമേഠിയിൽ കളത്തിലിറക്കിയത് സ്മൃതി ഇറാനിയെയായിരുന്നു.  സീരിയൽ രംഗത്തുനിന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന സ്മൃതി ഇറാനിയുടെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് അത്ര കാര്യമാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു.  പോരാട്ടത്തിൽ രാഹുലിന്റെ ഭൂരിപക്ഷം  മുൻവർഷത്തെ  മൂന്നേ മുക്കാൽ ലക്ഷത്തിൽ നിന്നും കുത്തനെയിടിഞ്ഞ് ഒരു ലക്ഷത്തിലെത്തി.  ബിജെപി പോലും പ്രതീക്ഷിക്കാതിരുന്ന മുന്നേറ്റമായിരുന്നു ഇത്. രാഹുലിനോട് തോറ്റെങ്കിലും രാജ്യസഭയിലൂടെ സ്മൃതി ഇറാനി പിന്നീട് കേന്ദ്രമന്ത്രിയായി.

”2009 ൽ രാഹുലിന് ലഭിച്ച 71 ശതമാനം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 47 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതു മാത്രമല്ല കോൺഗ്രസിനെ അലട്ടുന്നത്‌. രണ്ടു വർഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി പാർലമെന്റ് മണ്ഡലത്തിന് കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബിജെപിയാണ് വിജയിച്ചത്”

അന്ന് അമേഠിയിൽ നിന്നും തോറ്റുമടങ്ങിയ സ്മൃതി ഇറാനിയെ തന്നെ ഇന്ന് വീണ്ടും അമേഠിയിൽ രാഹുലിനെതിരെ അങ്കത്തിനിറക്കുമ്പോൾ ബിജെപിക്ക് കണക്കുകൂട്ടലുകളേറെയുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയിൽ അമേഠിയിലേക്ക് പദ്ധതികളെത്തിച്ച് സ്മൃതി ഇറാനി അഞ്ചു വർഷത്തോളമായി അടുത്ത പോരാട്ടത്തിനുള്ള നിലമൊരുക്കിക്കൊണ്ടിരുന്നത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠിയിൽ എ.കെ 47 തോക്ക് നിർമ്മാണ യൂണിറ്റ് അടക്കമുള്ള വലിയ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തിയതിനെയും ഇതുമായി ചേർത്ത് വായിക്കാം.

നിങ്ങൾ ജയിപ്പിച്ചു വിട്ട രാഹുലാണോ തോൽപ്പിച്ചു വിട്ട സ്മൃതിയാണോ നിങ്ങൾക്ക് വികസനം കൊണ്ടു തന്നതെന്ന അമേഠിയിലെ ജനങ്ങളോടുള്ള മോദിയുടെ അന്നത്തെ ചോദ്യത്തിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. വിഐപികൾ പലരും ജയിച്ചു വന്നിട്ടും പതിറ്റാണ്ടുകൾ പലതും പിന്നിട്ടിട്ടും കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത അമേഠിയിൽ വികസന ചർച്ചകൾ തന്നെയാണ് ബിജെപിയുടെ വജ്രായുധം.സൈന്യാധിപനെ വീഴ്ത്തി യുദ്ധം ജയിക്കാനുള്ള ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് മാറുന്നതെന്ന ആരോപണവും അമേഠിയിൽ കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

2009 ൽ രാഹുലിന് ലഭിച്ച 71 ശതമാനം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 47 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതു മാത്രമല്ല കോൺഗ്രസിനെ അലട്ടുന്നത്. രണ്ടു വർഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി പാർലമെന്റ് മണ്ഡലത്തിന് കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബിജെപിയാണ് വിജയിച്ചത്.  സമാജ്‌വാദി പാർട്ടിയോട്‌ സഖ്യമായി മത്സരിച്ച കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്ക് ഒരിടത്തും ജയിക്കാനായില്ല. അമേഠിയോട് അതിർത്തി പങ്കിടുന്ന സുൽത്താൻപൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി പ്രതാപവും കോൺഗ്രസിനെ അലട്ടുന്നുണ്ട്.

അതേ സമയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയടക്കമുള്ള വിവാദ പ്രസ്താവനകൾ അമേഠിയിലെ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് എത്തിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ബിജെപി വിരുദ്ധ സഖ്യം നൽകിയിരിക്കുന്ന പിന്തുണയാണ് കോൺഗ്രസിന്റെ മറ്റൊരു പ്രതീക്ഷ. ഉത്തർപ്രദേശിൽ സഖ്യമായി മത്സരിക്കുന്ന എസ്പിയും ബിഎസ്പിയും അമേഠിയിൽ കോൺഗ്രസ്സിന് പരോക്ഷ പിന്തുണയറിയിച്ച് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. സമാജ് വാദി പാർട്ടിക്ക് വലിയ സ്വാധീനമുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങൾ അമേഠിയിലുണ്ട്. എസ്പി – ബിഎസ്പി സഖ്യത്തിന്റെ സ്വാധീനത്തിലുള്ള വോട്ടുകൾ കൂടി എത്തുന്നതോടെ കഴിഞ്ഞ തവണയുണ്ടായ ഭൂരിപക്ഷത്തിലെ കുറവ് ഇത്തവണ വീണ്ടെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. 2014 ൽ ഉണ്ടായ മോദി തരംഗം ഇത്തവണ ഇല്ലാത്തതും അമേഠിയിൽ രാഹുലിന്റെ ഭൂരിപക്ഷം വർദ്ധിക്കാൻ ഇടയാക്കുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.

ജയം ഇരുകൂട്ടർക്കും അഭിമാന പ്രശ്‌നമായതിനാൽ തന്നെ പതിനെട്ടടവും പയറ്റുന്ന പോരു തന്നെ അമേഠിയിൽ അരങ്ങേറുമെന്നുറപ്പാണ്.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here